ഡിസംബർ 3 ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനമാണ്. സാമൂഹിക ജീവിതത്തിൽ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഐക്യരാഷ്ട്ര സഭ ഇങ്ങനെയൊരു ദിനം ആഘോഷിക്കാൻ തീരുമാനിച്ചത്. 1975-ൽ ഐക്യരാഷ്ട്ര സഭ ഭിന്നശേഷിക്കാരുടെ അവകാശ പ്രഖ്യാപനം നടത്തി. പിന്നീട് 1982 ഭിന്നശേഷിക്കാരുടെ വർഷമായി ആഘോഷിച്ചു. തുടർന്ന് 1983-92 വരെയുള്ള കാലഘട്ടം ഭിന്നശേഷിക്കാരുടെ ദശകമായും ആചരിച്ചു. ഇതിൻറെ അവസാനം 1992-ലാണ് എല്ലാവർഷവും ഡിസംബർ 3 ഭിന്നശേഷി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്. ഭിന്നശേഷിയുള്ളവർക്ക് സമൂഹത്തിൻ്റെ മുഖ്യധാരയിൽ പങ്കാളിത്തം ഉറപ്പാക്കുക വഴി സമഗ്ര വികസനം സാധ്യമാക്കുക എന്ന സമീപനമാണ് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വയ്ക്കുന്നത്. ഇതിനായി ഐക്യരാഷ്ട്ര സഭ മുൻകൈ എടുക്കുകയും, ദേശീയ തലത്തിൽ നിയമനിർമ്മാണം, നയ സമീപനം എന്നിവയിൽ മാറ്റം കൊണ്ടുവരാൻ ഇടപെടൽ നടത്തുകയും ചെയ്യുന്നു. യുഎന്നിൻറെ ഭാഗമായ ലോകാരോഗ്യ സംഘടനയും ഭിന്നശേഷി ദിനാഘോഷങ്ങളുടെ ഏകോപനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ഈ ദിനാഘോഷം ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം എല്ലാ വർഷവും ലോകത്തെ ഓർമ്മപ്പെടുത്തുക കൂടിയാണ്.