വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അവലോകന യോഗം വടക്കാഞ്ചേരി പിഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ ചേർന്നു.എം.എൽ എ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. രണ്ടാം തവണയാണ് ഇത്തരത്തിൽ അവലോകന യോഗം ചേരുന്നത്. മണ്ഡലത്തിലെ മുണ്ടത്തിക്കോട്, അവണൂർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുമെന്നും യോഗത്തിൻ്റെ തീരുമാന പ്രകാരം തയ്യാറാക്കി നൽകിയ നിർദ്ദേശം അംഗീകരിച്ചുകൊണ്ടാണ് മുണ്ടത്തിക്കോട്, അവണൂർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 15.5 ലക്ഷം രൂപ വീതം അനുവദിച്ചത്. മുണ്ടത്തിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിർമ്മാണ പ്രവൃത്തി ഇതിനകം ആരംഭിച്ചു. 1.43 കോടി രൂപ എൻ എച്ച് എം ഫണ്ട് കൂടി ലഭ്യമായിട്ടുള്ള അവണൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിനായുള്ള വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി വരുന്നു. തോളൂർ സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്താൻ 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഹെൽത്ത് ഗ്രാൻ്റായി ലഭിച്ചിട്ടുള്ള 39.73 ലക്ഷം രൂപ കൂടി ഇവിടെ ചിലവഴിക്കും. എം എൽ എ യുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനാധികാരികളുടെയും എൻ എച്ച് എം പ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്ന് ഡി പി ആർ തയ്യാറാക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഈ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതോടെ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും. മുണ്ടത്തിക്കോട് എഫ് എച്ച് സി യുടെ വികസനത്തിനായി 1.43 കോടി രൂപ അനുവദിക്കുന്നതിനായി നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. മുണ്ടൂർ, അടാട്ട്, തെക്കുംകര, പാമ്പൂർ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കായും പ്രൊപ്പോസൽ സമർപ്പിക്കണമെന്ന് എം എൽ എ യുടെ നിർദ്ദേശിക്കുകയും യോഗത്തിൽ തീരുമാനമായി.
സബ് സെൻ്ററുകളെ ഹെൽത്ത് & വെൽനെസ്സ് സെൻ്ററുകളാക്കി ഉയർത്തുന്ന പ്രവർത്തനം നടന്നുവരുന്നു. മണ്ഡലത്തിൽ പേരാമംഗലം, തിരൂർ, അടാട്ട്, പോട്ടോർ എന്നീ സബ് സെൻ്ററുകൾ 7 ലക്ഷം രൂപ വീതം ചിലവഴിച്ച് ഇതിനകം തന്നെ ഹെൽത്ത് & വെൽനെസ്സ് സെൻ്ററുകളാക്കി ഉയർത്തിയിട്ടുണ്ട്. കരുമത്ര സബ് സെൻ്ററിനായി 7 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണ പ്രവൃത്തികൾ 50% പൂർത്തിയായി. അടുത്ത ഘട്ടത്തിൽ ഹെൽത്ത് & വെൽനെസ്സ് സെൻ്ററുകളാക്കി ഉയർത്തുന്നതിനായി മുണ്ടൂർ, കുണ്ടുകാട്, വീരോലിപ്പാടം, ചോറ്റുപാറ, പെരിങ്ങണ്ടൂർ, കുറാഞ്ചേരി, പാർളിക്കാട്, അവണൂർ, എടക്കളത്തൂർ എന്നീ സബ് സെൻ്ററുകളെ പരിഗണിക്കുന്നതിനായി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനോടൊപ്പം കുമ്പളങ്ങാട്, അവണൂർ അംബേദ്കൾ സബ് സെൻ്ററുകളെക്കൂടി നിർദ്ദേശിക്കണമെന്ന് എം എൽ എ പറഞ്ഞു. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ വിവിധ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.
1.52 കോടി രൂപ ചിലവഴിച്ചുള്ള ഓ പി ട്രാൻസ്ഫോർമേഷനായി പഴയ കെട്ടിടം പൊളിച്ചു. നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനായി മണ്ണെടുക്കുന്നത് സംബന്ധിച്ച് യോഗത്തിൽ ധാരണയായി. കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തിൽ എം എൽ എ പ്രശ്നം ഉന്നയിച്ചതിനെ തുടർന്ന് ജില്ലാ കളക്ടർ മണ്ണ് എടുക്കുന്നതിനാവശ്യമായ അനുമതി നൽകിയിരുന്നു. നിർമ്മാണ ഏജൻസിയായ വാപ്കോസും, കരാറുകാരനും, കെ എൽ ഡി സി പ്രതിനിധികളും യോഗത്തിൽ ചർച്ച ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 21 നു മുമ്പായി മണ്ണെടുത്ത് അനുബന്ധ പ്രവൃത്തികൾ പൂർത്തീകരിച്ച് നിർമ്മാണോദ്ഘാടനം നടത്തണമെന്ന് യോഗത്തിൽ ധാരണയായി. എം എൽ എ യുടെ ആസ്തി വികസന ഫണ്ടും കിഫ്ബി ഫണ്ടും ചേർത്ത് 1.79 കോടി ചിലവഴിച്ച് നിർമ്മിക്കുന്ന ഐസൊലേഷൻ വാർഡ് നിർമ്മാണം പൂർത്തിയായി. പ്രത്യേക പരിചരണ – ചികിത്സാ സംവിധാനമുള്ള 10 കിടക്കകളോടുകൂടിയ മറ്റൊരു ബ്ലോക്കാണ് ജില്ലാ ആശുപത്രിയിൽ യാഥാർത്ഥ്യമായത്. ലേബർ റൂം സ്ട്രെങ്ത്തനിങ് പ്രവൃത്തി നവംബർ മാസത്തിൽ പൂർത്തീകരിക്കണമെന്ന് എം എൽ എ കർശന നിർദ്ദേശം നൽകി. 2.29 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തിയുടെ ചുമതല കോസ്റ്റ് ഫോഡിനാണ്. 8.35 കോടി ചിലവിൽ കാഷ്വാലിറ്റി വെർട്ടിക്കൽ എക്സ്പാൻഷൻ നിർമ്മാണ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.
ഡയാലിസിസ് യൂണിറ്റിൻ്റെ പ്രവർത്തനം വിപുലപ്പെടുത്താൻ നടപടികൾ സ്വീകരിക്കണം. ഇതിനായി ഉണ്ടാക്കിയ ധാരണ പ്രകാരം ഡയാലിസിസ് ഷിഫ്റ്റ് വർധിപ്പിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കാൻ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. 5 യന്ത്രങ്ങൾ നിലവിൽ പ്രവർത്തന സജ്ജമാണ്. ഓക്സിജൻ പ്ലാൻ്റ് നിർമ്മാണം പൂർത്തിയായതിനു ശേഷം കിടക്കകളിലേക്ക് ഓക്സിജൻ എത്തിക്കുവാൻ പൈപ്പ് ലൈൻ കണക്ഷൻ സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനം വേഗത്തിലാക്കണം.ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം പ്രവർത്തനം നടന്നുവരുന്നു. ജില്ലാ ആശുപത്രി മാസ്റ്റർ പ്ലാൻ പ്രകാരം നിർദ്ദേശിച്ചിട്ടുള്ള ഐ പി ബ്ലോക്ക് ആദ്യഘട്ടം പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം മുഖേന സംസ്ഥാന സർക്കാർ ബജറ്റ് നിർദ്ദേശമായി നൽകിയിട്ടുണ്ട്. 7 നിലകളിലായി നിർദ്ദേശിച്ചിട്ടുള്ള കെട്ടിടത്തിൻ്റെ ആദ്യ ഘട്ടത്തിനായി 10 കോടി രൂപയാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച പ്രാഥമിക ചർച്ച നടന്നു. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും ഇ-ഹെൽത്ത് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അതിവേഗം പൂർത്തീകരിക്കണമെന്ന് എംഎൽഎ പറഞ്ഞു. ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട ആയുർവേദ – ഹോമിയോ വിഭാഗങ്ങളുടെ പ്രതിനിധികളുടെ പ്രത്യേക യോഗം വിളിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു. ഡപ്യൂട്ടി കളക്ടർ എം സി ജ്യോതി, ആർദ്രം മിഷൻ ജില്ലാ കോഡിനേറ്റർ ഡോ. നിബിൻ കൃഷ്ണ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനി ജോസ്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ഉഷാദേവി, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിമി അജിത്ത് കുമാർ, കോലഴി ഗ്രാമപഞ്ചായത്ത് ലക്ഷ്മി വിശ്വംഭരൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വി ബിജു, ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർമാർ, പൊതുമരാമത്ത് വകുപ്പ് പ്രതിനിധി, കെ എൽ ഡി സി പ്രതിനിധി, നിർമ്മാണ പ്രവൃത്തികളുടെ ചുമതലയുള്ള ഏജൻസികളുടെ പ്രതിനിധികൾ, കരാറുകാർ എന്നിവർ സംസാരിച്ചു.