പാലക്കാട്: ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ അപമാനിച്ച അധ്യാപകനെ കോളേജിൽ പൂട്ടിയിട്ടു. പാലക്കാട് വിക്ടോറിയ കോളേജിലാണ് സംഭവം. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ അധ്യാപകൻ ആക്ഷേപിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ബി കോം വിഭാഗത്തിലെ അധ്യാപകൻ ഡോ ബിനു കുര്യനെതിരെയായിരുന്നു കുട്ടികളുടെ പ്രതിഷേധം.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ബികോം രണ്ടാം വർഷ വിദ്യാർത്ഥിയാണ് പരാതിക്കാരൻ. കുട്ടിയുടെ ഹാജർ നിലയുമായി ബന്ധപ്പെട്ട് സംസാരിക്കാൻ മാതാപിതാക്കളെ അധ്യാപകൻ കോളേജിൽ വിളിച്ചു വരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടി അമ്മയുമായി കോളേജിൽ എത്തി. അമ്മയോട് കുട്ടിയെ വളരെ അധികം അപമാനിക്കുന്ന രീതിയിലായിരുന്നു സംസാരിച്ചതെന്നാണ് ആക്ഷേപം.
അധ്യാപകന്റെ പ്രതികരണത്തെ തുടർന്ന് അമ്മയും കുട്ടിയും കരഞ്ഞത് മറ്റ് കുട്ടികളുടെ ശ്രദ്ധയിൽ പെടുകയായിരുന്നുവെന്നും കാര്യം അന്വേഷിച്ചപ്പോൾ അധ്യാപകൻ അപമാനിക്കുകയായിരുന്നുവെന്ന് ഇവർ വിദ്യാർത്ഥികളോട് പറഞ്ഞു. ഇത് ചോദ്യം ചെയ്യാൻ വിദ്യാർത്ഥികൾ എത്തിയപ്പോൾ അവരോടും വളരെ മോശമായാണ് അധ്യാപകൻ പെരുമാറിയതെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. തുടർന്നാണ് വിദ്യാർത്ഥികൾ അധ്യാപകനെ പൂട്ടിയിട്ടത്. ഇതോടെ പ്രിൻസിപ്പൽ അടക്കം എത്തി സംസാരിച്ച ശേഷമാണ് വിദ്യാർത്ഥികൾ അധ്യാപകനെ തുറന്ന് വിടാൻ തയ്യാറായത്. വലിയ പ്രതിഷേധമാണ് അധ്യാപകനെതിരെ വിദ്യാർത്ഥികൾ നടത്തിയത്. അധ്യാപകൻ കുട്ടിയോടും മാതാവിനോടും ക്ഷമ ചോദിക്കണമെന്നതാണ് വിദ്യാർത്ഥികളുടെ ആവശ്യം.