സ്കൂൾ വിദ്യാർഥികൾക്ക് ലഹരിഗുളികകൾ വിൽക്കുന്ന അഞ്ചുപേർ പിടിയിൽ. കാരയ്ക്കാമണ്ഡപത്തുനിന്ന് രണ്ടുപേരെയും മുട്ടടയിൽനിന്ന് യുവതി ഉൾപ്പെടെ മൂന്നുപേരെയുമാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. മാനസികരോഗികൾക്ക് നൽകുന്ന ഗുളികകളാണ് ഇവർ വിദ്യാർഥികൾക്ക് വിറ്റിരുന്നതെന്ന് എക്സൈസ് പറഞ്ഞു.സ്കൂൾ വിദ്യാർഥികൾക്ക് ലഹരിഗുളികകൾ വിൽക്കുന്ന സംഘങ്ങൾ നഗരത്തിൽ പ്രവർത്തിക്കുന്നതായി എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാരയ്ക്കാമണ്ഡപത്തുനിന്ന് അതുൽ എസ്.കുമാർ, അനീഷ് എന്നിവരെയും മുട്ടടയിൽനിന്ന് റാഫ, ജിത്തു, അരവിന്ദ് എന്നിവരെയും പിടികൂടിയത്.നഴ്സിങ് പഠനം പൂർത്തിയാക്കിയ യുവതിയാണ് റാഫ. ഇവരാണ് ഡോക്ടറുടെ വ്യാജ കുറിപ്പടി തയ്യാറാക്കി ലഹരിഗുളികകൾ സംഘടിപ്പിക്കുന്നതെന്ന് എക്സൈസ് പറഞ്ഞു. പേരൂർക്കട ആശുപത്രിയിലെത്തി ഒ.പി. ടിക്കറ്റ് എടുത്തശേഷം റാഫ തന്നെ ഒ.പി. ടിക്കറ്റിൽ മരുന്നിന്റെ പേരുകൾ എഴുതിചേർക്കുകയായിരുന്നു. ഡോക്ടറുടെ പേരിലുള്ള വ്യാജസീലും ഇവർ ഉപയോഗിച്ചിരുന്നു. ഒരു ഗുളിക 50 രൂപ നിരക്കിലാണ് പ്രതികൾ വിൽപ്പന നടത്തിയിരുന്നതെന്നും എക്സൈസ് പറഞ്ഞു.