കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി മിന്നിയ താരമായിരുന്നു അർജന്റൈൻ സ്ട്രൈക്കറായ ഹോർഹെ പെരെയ്ര ഡയസ്. അർജന്റൈൻ ക്ലബ്ബായ അത്ലറ്റിക്കോ പ്ലാറ്റൻസിന്റെ താരമാണ് ഡയസ്. ക്ലബ്ബുമായി ഈ വർഷാവസാനം വരെയാണ് താരത്തിന് കരാറുള്ളത്. എന്നാൽ ബ്ലാസ്റ്റേഴ്സിന് ഡയസിനെ സ്വന്തമാക്കാനും, ഡയസിന് ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്താനുമുള്ള ആഗ്രഹമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഈ ട്രാൻസ്ഫർ ഇക്കുറി നടക്കുമെന്ന് ഏറെക്കുറെ വ്യക്തമായിരുന്നതാണെങ്കിലും ചില കാര്യങ്ങൾ കരാർ സംഭവിക്കുന്നതിന് തടസമായി നിന്നിരുന്നു. എന്നാൽ ഇപ്പോളിതാ ബ്ലാസ്റ്റേഴ്സിലേക്കുള്ള ഡയസിന്റെ ട്രാൻസ്ഫർ കാര്യത്തിൽ നിലനിന്നിരുന്ന എല്ലാവിധ കടമ്പകളും, തടസങ്ങളും അവസാനിച്ചെന്നും താരക്കൈമാറ്റം ഉടൻ ഔദ്യോഗികമാകുമെന്നും റിപ്പോർട്ടുകൾ വന്നിരിക്കുന്നു. പെരെയ്ര ഡയസിന്റെ ട്രാൻസ്ഫർ അധികം വൈകാതെ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. മഞ്ഞപ്പടയുടെ ആരാധകർക്ക് ഏറെ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത് 2021-22 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ മൊത്തം 21 മത്സരങ്ങളിലായിരുന്നു ഡയസ് ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിഞ്ഞത്. കഠിനാധ്വാനിയായിരുന്ന താരം ആക്രമണത്തിലെ ജോലിക്ക് പുറമേ പ്രതിരോധത്തിനെ സഹായിക്കാനും മുന്നിട്ട് നിന്നു. ഡയസിന്റെ ഈ വർക്ക് റേറ്റ് തന്നെയായിരുന്നു അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഫാൻ ഫേവറിറ്റാക്കി മാറ്റിയത്.