Kerala

സുരേഷ് ഗോപിക്ക് പൂർണ പിന്തുണ നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Published

on

സിനിമാ തിരക്കുകൾ പറഞ്ഞ് മന്ത്രിസഭയിൽനിന്ന് ഒഴിയാൻ ശ്രമിച്ച സുരേഷ് ഗോപിക്ക് പൂർണ പിന്തുണ നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമയാണ് വരുമാന മാർഗമെന്നും ലഭിക്കുന്ന പണത്തിൽ കൂടുതലും സമൂഹത്തിനായി ചെലവാക്കുകയാണെന്നും സുരേഷ് ഗോപി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. നിലവിൽ ധാരണയായ സിനിമകൾ പൂർത്തിയാക്കാൻ സാഹചര്യം ഒരുക്കാമെന്നും ഡൽഹിയിലേക്ക് ഉടൻ സത്യപ്രതിജ്ഞയ്ക്കായി പുറപ്പെടാനും പ്രധാനമന്ത്രി സുരേഷ് ഗോപിയോടു നിർദ്ദേശിക്കുകയായിരുന്നു.സഹമന്ത്രി സ്ഥാനം ലഭിച്ചതിൽ സുരേഷ് ഗോപി അതൃപ്തനാണെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം മന്ത്രിസ്‌ഥാനം ഒഴിയാൻ ശ്രമം നടത്തുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് അത്തരം റിപ്പോർട്ടുകൾ തള്ളി സുരേഷ് ഗോപി രംഗത്തെത്തിയത്. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്‌ഥാനവും സിനിമാ തിരക്കുകളുടെ പശ്ചാത്തലത്തിൽ സുരേഷ് ഗോപി വേണ്ടെന്നു വയ്ക്കുകയായിരുന്നു.
സിനിമകൾ വേഗം തീർത്ത് കാബിനറ്റ് പദവിയിലേക്ക് വരാമെന്നായിരുന്നു കേന്ദ്രത്തിൻ്റെ നിർദേശം. സിനിമകൾ തടസപ്പെടാത്ത സാഹചര്യം ഒരുക്കാമെന്നും വ്യക്തമാക്കി ഇതോടെയാണ് സുരേഷ് ഗോപി സഹമന്ത്രി സ്‌ഥാനം ഏറ്റെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഏറ്റെടുത്ത സിനിമകൾ പൂർത്തീകരിച്ചാൽ സുരേഷ് ഗോപി കാബിനറ്റ് പദവിയിലേക്ക് എത്തുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് ബിജെപിക്ക് ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട് ഇന്ന് വകുപ്പുകൾ സംബന്ധിച്ച് തീരുമാനമാകുന്നതോടെ തന്റെ വകുപ്പിന്റെ കാബിനറ്റ് മന്ത്രിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തും. സിനിമാ വിഷയം ഉന്നയിക്കും. പ്രധാനമന്ത്രിയുടെ നിർദേശങ്ങളും പങ്കുവയ്ക്കുമെന്നറിയുന്നു. അതിനുശേഷം നാളെ കണ്ണൂർ വിമാനത്താവളത്തിലെത്തും. തൃശൂരിൽ സ്വീകരണ പരിപാടിയിൽ പങ്കെടുത്തശേഷം തിരുവനന്തപുരത്തെത്തും.

മമ്മൂട്ടി കമ്പനിയുടെ സിനിമ, ഗോകുലം മൂവീസ് 100 കോടി രൂപ ചെലവിൽ നിർമിക്കുന്ന ശ്രീപത്മനാഭസ്വാമിയുമായി ബന്ധപ്പെട്ട സിനിമ, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 2 സിനിമകൾ എന്നിവയാണ് നിലവിൽ ധാരണയിലെത്തിയിരിക്കുന്ന പ്രോജക്ടുകൾ. രാജീവ് അഞ്ചലാണ് ഗോകുലത്തിന്റെ സിനിമ സംവിധാനം ചെയ്യുന്നതെന്നാണ് വിവരം. അതേസമയം, കാബിനറ്റ് മന്ത്രിമാർ സിനിമയിൽ അഭിനയിക്കരുതെന്നോ നിലവിലുള്ള ജോലി ചെയ്യരുതെന്നോ ചട്ടം ഇല്ലെന്ന് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി വിശദീകരിച്ചു. വകുപ്പിന്റെ പൂർണ ചുമതലയുള്ളതിനാൽ സമാന്തര ജോലികൾ ചെയ്യാൻ സമയം ലഭിക്കാൻ സാധ്യത തീർത്തും വിരളമാണ്. രാജ്യത്തെ പ്രമുഖ അഭിഭാഷകർ മന്ത്രി പദവി വഹിച്ചപ്പോൾ ജോലി താൽക്കാലികമായി ഉപേക്ഷിച്ചിരുന്നു സഹമന്ത്രിമാർക്ക് വലിയ ഉത്തരവാദിത്തങ്ങളില്ലാത്തതിനാൽ ആവശ്യമെങ്കിൽ മറ്റു ജോലികൾ ചെയ്യുന്നതിനു തടസമില്ലെന്നും പി.ഡി.ടി ആചാരി ചൂണ്ടിക്കാട്ടി.

Trending

Exit mobile version