Local

അവയവമാറ്റത്തിന് മാത്രമായി സംസ്ഥാനത്ത് ഒരു ഇന്‍സ്റ്റിറ്റ്യൂട്ട്; ആരോഗ്യമന്ത്രി വീണ ജോര്‍ജ്

Published

on

അവയവമാറ്റത്തിന് മാത്രമായി സംസ്ഥാനത്ത് ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഇത് സംബന്ധിച്ച നടപടികളിലേയ്ക്ക് കടന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി പ്രത്യേകം ടീം ഇതിനായി സജ്ജമാണെന്നും, ഏറ്റവും പണച്ചെലവുള്ള അവയവമാറ്റ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇനി അത് സാധ്യമാണെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ 26.42 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിയ്ക്കുകയായിരുന്നു മന്ത്രി.
മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി പ്രൊഫസര്‍ തസ്തിക അനുവദിക്കുന്നതിന് തീരുമാനമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ 2020 – 21 കാലയളവില്‍ വിവിധ പദ്ധതികളിലായി പ്ലാന്‍ ഫണ്ട് വഴി 36.5 കോടി രൂപയോളം അനുവദിച്ചിട്ടുണ്ട്. ഇതില്‍ 5 കോടിയാണ് ഇന്‍ഫക്ഷന്‍ ഡിസീസ് ബ്ലോക്കിന് വകയിരുത്തിയിട്ടുള്ളത്. സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ 5.5 കോടിയും സര്‍ജിക്കല്‍ ഓങ്കോളജി തിയറ്റര്‍ സംവിധാനത്തിനായി 2 കോടിയും അനുവദിച്ചു. റേഡിയോളജി വിഭാഗത്തില്‍ ഡിജിറ്റല്‍ റേഡിയോഗ്രഫി, മാമോഗ്രാം എന്നിവയ്ക്ക് ഉള്‍പ്പെടെ ഭരണാനുമതിയും സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന് 287 കോടി രൂപയ്ക്കാണ് അനുമതിയായിട്ടുള്ളതെന്നും,മൂന്ന് മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അമ്മയും കുഞ്ഞും ബ്ലോക്കിന് 227 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിക്കുന്ന ചികിത്സാ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനീഷ്യേറ്റീവ് ഉടൻ നടപ്പിലാക്കാനും, പ്രവര്‍ത്തനത്തിന്റെ പൈലറ്റ് പ്രോജക്ട് തിരുവനന്തപുരത്ത് നടപ്പിലാക്കിയിട്ടുണ്ടെന്നും, സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളജിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടി ചേർത്തു:
സര്‍ക്കാര്‍ ആശുപത്രികളെ രോഗി സൗഹൃദവും ജന സൗഹ്യദവുമാക്കുകയെന്നതാണ് ആര്‍ദ്രം പദ്ധതി വിഭാവനം ചെയ്തപ്പോള്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. മൂന്ന് ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുക . മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങള്‍ സജ്ജമാക്കി മുന്നോട്ട് കുതിക്കുകയാണ് സര്‍ക്കാര്‍ ആശുപതികള്‍. കാര്‍ഡിയോളജി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ജില്ലാ ആശുപത്രികളില്‍ ഇന്ന് ലഭ്യമാണ്. പത്ത് കാത്ത് ലാബുകളാണ് സംസ്ഥാനത്ത് പൂര്‍ത്തിയായത്. മെഡിക്കല്‍ കോളേജ് വഴി സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും,
പണമില്ലാത്തതിനാല്‍ ഒരാള്‍ക്കും ചികിത്സ നിഷേധിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും, മുന്‍ കാലങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആധുനിക സൗകര്യം ഒരുക്കുന്നതിനൊപ്പം രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
രോഗി സൗഹൃദവും ജന സൗഹ്യദവുമായ ഇടപെടലുകളിലൂടെ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ മിതമായ നിരക്കില്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും ആരോഗ്യ മേഖല പൂര്‍ണമായും മോചിതമായിട്ടില്ല.അസാധാരണമായ സാഹചര്യം നേരിട്ടപ്പോഴും മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യ മേഖലയ്ക്ക് താങ്ങായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ചികിത്സാ രംഗത്ത് മികവാര്‍ന്ന സേവനം നല്‍കുന്നതിനൊപ്പം അക്കാദമിക് തലത്തിലും വിജയം നേടാനാകുന്നത് വലിയ നേട്ടമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ജില്ലാ ആരോഗ്യവകുപ്പ് ഒരുക്കിയ നല്ലോണം ആരോഗ്യത്തോടേയെന്ന ബോധവത്ക്കരണ ആനിമേഷൻ വീഡിയോയുടെ പ്രകാശന കർമ്മം മന്ത്രി ചടങ്ങിൽ വച്ച് നിർവ്വഹിച്ചു.
മെഡിക്കല്‍ കോളേജ് അലുമ്നി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ എം എൽ എസേവ്യര്‍ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, വടക്കാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീദേവി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബി.ഷീല വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി വി ഉണ്ണികൃഷ്ണന്‍, ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. നിഷ എം ദാസ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version