Education

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ നോര്‍ക്ക-റൂട്ട്‌സ് സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം

Published

on

നോര്‍ക്ക റൂട്ട്‌സും, ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.സി.ടി അക്കാദമി ഓഫ് കേരളയും ചേര്‍ന്ന് നടത്തുന്ന ഐ. ടി അനുബന്ധ മേഖലകളിലെ മെഷീന്‍ ലേണിംഗ് & ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഫുള്‍ സ്റ്റാക്ക് ഡെവലപ്‌മെന്‍റ്, സോഫ്റ്റ്‌വെയര്‍ ടെസ്റ്റിംഗ്, ഡാറ്റാസയന്‍സ് & അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് എന്നീ സര്‍ട്ടിഫൈഡ് സ്‌പെഷ്യലിസ്റ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആഗോളതലത്തില്‍ ഐ.ടി അനുബന്ധ തൊഴില്‍ മേഖലകളില്‍ ജോലികണ്ടെത്താന്‍ യുവതിയുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്‌സ്. കോഴ്‌സ് ഫീസിന്‍റെ 75% നോര്‍ക്ക-റൂട്ട്‌സ് സ്‌ക്കോളര്‍ഷിപ്പാണ്.

കോവിഡ് മഹാമാരിമൂലം തൊഴില്‍ നഷ്ടമായവര്‍ക്കും, അവസാനവര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ആറുമാസമാണ് കോഴ്‌സ് കാലയളവ്. ഒക്ടോബര്‍ ആദ്യവാരം ക്ലാസ്സുകള്‍ ആരംഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 10. പ്രായപരിധി 45 വയസ്സ്. ഈ വര്‍ഷത്തെ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കുന്നതിന് https://ictkerala.org/courses എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

പൂര്‍ണ്ണമായും പൊതു അഭിരുചിപരീക്ഷയിലെ മികവിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പൊതു അഭിരുചി പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികളുടെ വെര്‍ബല്‍, ന്യൂമെറിക്കല്‍, ലോജിക്കല്‍ അഭിരുചി എന്നിവ വിലയിരുത്തും . ഇതിനു പുറമെ, ഡാറ്റ മാനിപ്പുലേഷന്‍, പ്രോഗ്രാമിംഗ് ലോജിക്, കമ്പ്യൂട്ടറിന്‍റെ അടിസ്ഥാനകാര്യങ്ങള്‍, രാജ്യാന്തരവിഷയങ്ങളില്‍ അധിഷ്ഠിതമായ ചോദ്യങ്ങളും പ്രതീക്ഷിക്കാം. പഠനത്തിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ലിങ്ക്ഡിന്‍ ലേണിംഗ് ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാവും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയത്തോട് അനുബന്ധിച്ചുളള മറ്റ് കോഴ്‌സുകളും പഠിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികളെ തൊഴിലുകള്‍ക്ക് പൂര്‍ണ്ണമായും തയാറാക്കാന്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് എംപ്ലോയബിലിറ്റി ട്രെയിനിംഗും ഐ.സി.ടി. അക്കാദമി കോഴ്‌സുകളുടെ ഭാഗമായി വിഭാവനം ചെയ്യുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് 125 മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് TCS iONമായി ചേര്‍ന്ന് നല്‍കുന്നു എന്നതും സവിശേഷതയാണ്.

ഐ.സി.ടി. അക്കാദമിയുമായി സഹകരണമുള്ള ദേശീയ, അന്തര്‍ദേശീയ ഐ.ടി. കമ്പനികളില്‍ തൊഴില്‍ നേടുന്നതിനും യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതിലൂടെ അവസരമുണ്ടാവും.
കഴിഞ്ഞവര്‍ഷം ആറ്മാസ കോഴ്‌സുകളിലേയ്ക്ക് രജിസ്റ്റര്‍ ചെയ്ത 543 വിദ്യാര്‍ത്ഥികളില്‍ 497 പേര്‍ കോഴ്‌സ്പൂര്‍ത്തിയാക്കി TCS iON-ല്‍ 125 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പില്‍ പ്രവേശിച്ചു. മൈക്രോസ്‌കില്‍ പ്രോഗ്രാമില്‍ ചേര്‍ന്ന 69 പേരില്‍ 56 പേരും കോഴ്‌സ് പൂര്‍ത്തിയാക്കി. ഐ.ടി. മേഖലയിലെ അമ്പതോളം കമ്പനികളില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതുവഴി തൊഴില്‍ നേടാനും സാധിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കും രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനികളായ ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വ്വീസസ്, യു. എസ്സ് ടി ഗ്ലോബല്‍, ഐ. ബി.എസ്സ് സോഫ്റ്റ്‌വെയര്‍, ക്വസ്റ്റ് ഗ്ലോബല്‍, ചാരിറ്റബിള്‍ ട്രസ്റ്റായ സൗപര്‍ണ്ണിക എഡ്യുക്കേഷന്‍ ട്രസ്റ്റ് എന്നിവര്‍ക്ക് പങ്കാളിത്തമുളള പൊതുസ്വകാര്യ സ്ഥാപനമാണ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി ഓഫ് കേരള എന്ന ഐ.സി.ടി അക്കാദമി കേരള.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version