വിദേശ മദ്യം ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കുന്നതിനും ഇതുമൂലം സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായി മദ്യവില വര്‍ധിപ്പിക്കാനുമുള്ള പൊതുവില്‍പന നികുതി ഭേദഗതി ബില്ലിന്‍റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം. മദ്യത്തിന്‍റെ പൊതുവില്പന നികുതിയില്‍ നാലു ശതമാനം വര്‍ധനയാണു വരുത്തുന്നത്. ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു ഗവര്‍ണറുടെ അംഗീകാരം നേടുന്നതോടെ സംസ്ഥാനത്തു മദ്യത്തിന്‍റെ വില ഉയരും. നിലവില്‍ 247 ശതമാനമാണു മദ്യത്തിന്‍റെ നികുതി. വര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ 251 ശതമാനമായി ഉയരും. സംസ്ഥാനത്ത് വിദേശമദ്യം ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ അഞ്ചു ശതമാനം വിറ്റുവരവ് നികുതിയാണ് ഒഴിവാക്കിയത്. ഇതുമൂലം മദ്യക്കമ്പനികള്‍ക്ക് പ്രതിവര്‍ഷം 170 കോടി രൂപയുടെ അധിക ലാഭമുണ്ടാകും. വില്പന നികുതിയില്‍ നാലു ശതമാനം ഉയര്‍ത്തുന്നതിനൊപ്പം ബിവറേജസ് കോര്‍പറേഷന്‍റെ കൈകാര്യച്ചെലവിനത്തിനുള്ള തുക ഒരു ശതമാനം കൂട്ടാനും തീരുമാനിച്ചിരുന്നു.