തിരുവല്ല: മൂന്ന് പതിറ്റാണ്ടിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി സംരംഭം തുടങ്ങിയ മദ്ധ്യവയസ്‌ക്കന് ഷോക്കടിപ്പിക്കുന്ന ബില്ല് നല്‍കി കെ.എസ്‌ഇ.ബി.
അധികൃതര്‍. വീടിനോട് ചേര്‍ന്ന് ഹോംസ്റ്റേ തുടങ്ങിയ തിരുവല്ല കടപ്ര സ്വദേശി ഫിലിപ്പ് ജോര്‍ജിനാണ് ഒന്നേമുക്കാല്‍ ലക്ഷം രൂപയുടെ ബില്ല് ലഭിച്ചത്. താമസിക്കുന്ന വീടിനും ഹോംസ്റ്റേക്കും ഗാര്‍ഹിക ബില്ലിന് പകരം വ്യാവസായിക നിരക്കിലുള്ള വൈദ്യുതി ബില്‍ നല്‍കിയതാണ് തുക ഉയരാന്‍ കാരണമായത്. ഈമാസം 15നകം ബില്ലടച്ചില്ലെങ്കില്‍ വീട്ടിലെ കണക്ഷന്‍ ഉള്‍പ്പെടെ വിച്ഛേദിക്കുമെന്നും കെ.എസ്‌ഇ.ബി.
കൊവിഡ് കാലത്ത് വിദേശത്തെ ജോലി നഷ്ടപ്പെട്ടതോടെ താമസിക്കുന്ന വീടിന് മുകളിലെ മുറികള്‍ ഹോംസ്റ്റേയാക്കി മാറ്റാന്‍ ഫിലിപ്പ് തീരുമാനിക്കുകയായിരുന്നു. ഇതിനായി ടൂറിസം വകുപ്പില്‍ അപേക്ഷ നല്‍കി. ലൈസന്‍സിന് കടപ്ര പഞ്ചായത്തിലും അപേക്ഷിച്ചു. ടൂറിസം വകുപ്പിലെ ഹോംസ്റ്റേയുടെ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പരിശോധനയ്ക്ക് എത്തിയ കെ.എസ്‌ഇ.ബി. ഉദ്യോഗസ്ഥര്‍ യാതൊന്നും പരിഗണിക്കാതെ ഭീമന്‍ബില്ല് നല്‍കി പ്രവാസിയെ ഞെട്ടിച്ചത്.
തന്റെ അപേക്ഷ ടൂറിസംവകുപ്പ് പരിഗണിക്കുന്നുണ്ടെന്ന് കെ.എസ്‌ഇ.ബി.ക്ക് നല്‍കിയ അപേക്ഷയില്‍ പറഞ്ഞിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ല. ഇതിനിടെ ഡയമണ്ട് കാറ്റഗറിയില്‍ ഹോംസ്റ്റേ അംഗീകാരവും ലഭിച്ചു.ഇക്കാര്യവും കെ.എസ്.ഇ.ബിയെ അറിയിച്ചെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് ടൂറിസം വകുപ്പിനും ജില്ലാകളക്ടര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കി കാത്തിരിക്കുകയാണ് ഈ പുതുസംരംഭകന്‍. കെ.എസ്‌ഇ.ബി.യുടെ നിലപാടിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഫിലിപ്പ്. അതേസമയം പരിശോധന നടത്തിയ സമയത്ത് ആവശ്യമായ രേഖകള്‍ ഉടമ ഹാജരാക്കിയില്ലെന്നും മുകളില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടാകാതെ വൈദ്യുതി ബില്‍തുക കുറയ്ക്കാനാകില്ലെന്നും കെ.എസ്‌ഇ.ബി.തിരുവല്ല ഡിവിഷന്‍ എക്സി.എന്‍ജിനീയര്‍ പറഞ്ഞു.