മലപ്പുറം: ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശ്ശേരി മമ്പാടന്‍ മൊയ്തീന്റെ മകള്‍ ഫർഷാന ഷെറിന്‍ (27) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫർഷാന വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഫർഷാന ഷെറിനെ ഭര്‍ത്താവ് ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. മുഖത്ത് ഉൾപ്പടെ ഗുരുതരമായി പൊള്ളലേറ്റ ഫർഷാനയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാത്രി 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കുടുംബവഴക്കിനെ തുടര്‍ന്ന് ഫർഷാന ഭർത്താവിന്‍റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. സംഭവ ദിവസം ഫർഷാനയുടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഷാനവാസ് ആസിഡ് ഭാര്യയുടെ ദേഹത്തേക്ക് ഒഴിച്ചത്. ഫർഷാന ആക്രമണം ചെറുക്കുന്നതിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു.