ഒരേ പ്രതിക്ക് വേണ്ടി രണ്ട് അഭിഭാഷകര്‍ എത്തിയത് കോടതി നടപടികളില്‍ ആശയ കുഴപ്പമുണ്ടാക്കി. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.ആളൂരും അഫ്‌സല്‍ എന്ന അഭിഭാഷകനുമാണ് ഡിംപിളിന് വേണ്ടി കോടതിയില്‍ എത്തിയത്. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ കോടതി മുറിയില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റം രൂക്ഷമായതോടെ വിഷയത്തില്‍ മജിസ്‌ട്രേറ്റ് ഇടപെട്ട് ആരാണ് അഭിഭാഷകനെന്ന് ഡിംപിളിനോട് ചോദിച്ചു. താന്‍ വക്കാലത്ത് ഏല്‍പ്പിച്ചത് അഫ്‌സലിനെയാണെന്ന് ഡിംപിള്‍ കോടതിയെ അറിയിക്കുകയും ചെയ്തു. പിന്നാലെ അഫ്‌സലും ആളൂരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. അഫ്‌സലിനോട് കോടതിയില്‍ നിന്ന് ഇറങ്ങി പോകാന്‍ ആളൂര്‍ പറഞ്ഞതോടെ വിഷയത്തില്‍ മജിസ്‌ട്രേറ്റ് ഇടപെടുകയായിരുന്നു. ബഹളം വയ്ക്കാന്‍ കോടതി മുറി ചന്തയല്ലെന്നാണ് മജിസ്‌ട്രേറ്റ് ഇരുവരോടുമായി പറഞ്ഞത്. പിന്നാലെ ആളൂര്‍ പിന്‍മാറുകയും ചെയ്തു. അതേസമയം, കേസിലെ പ്രതികളായ കൊടുങ്ങല്ലൂര്‍ സ്വദേശികള്‍ വിവേക്, നിതിന്‍, സുധി, ഇരയുടെ സുഹൃത്ത് ഡിംപിള്‍ എന്നിവരെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എട്ട് സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. പ്രതികളുടെ ഫോണുകള്‍ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ ഫോണുകള്‍ കണ്ടുകെട്ടുകയും ചെയ്തു.നടന്നത് ക്രൂരമായ പീഡനമാണെന്നും തെളിവെടുപ്പ് പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മോഡലിന് ആദ്യ രണ്ട് പ്രതികള്‍ ബാറില്‍ വച്ച് മദ്യം നല്‍കി. പിന്നീട് അബോധാവസ്ഥയിലായ യുവതിയെ ബാറിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ടും യാത്രക്കിടയിലും പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പീഡനത്തിന് ഒത്താശ ചെയ്തത് ഡിംപിളാണെന്നും ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.