തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവിന് വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന തടവ്. പ്രതി ജീവിതകാലം മുഴുവൻ കഠിന തടവ് അനുഭവിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു.
പിഴത്തുകയിൽ ഒരു ലക്ഷം രൂപ അതിജീവിതക്ക് നഷ്ടപരിഹാരമായി നൽകണം. കൂടാതെ, വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽനിന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതി ജഡ്ജി എം.പി. ഷിബുവിന്റേതാണ് ഉത്തരവ്.
കുറ്റം തെളിഞ്ഞെന്നും പിതാവിന് തുല്യനായ പ്രതിയിൽനിന്നുണ്ടായ കുറ്റം നീതീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. പ്ലസ് ടു വിദ്യാർഥിനി പ്രതിയായ ഇളയച്ഛന്റെ വീട്ടിൽ താമസിച്ച് പഠിക്കവെ 2014 ലാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് മണ്ണന്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പൂർത്തിയാക്കി 2014ൽ തന്നെ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.