വടക്കാഞ്ചേരി നിറച്ചാരത്ത് കലാ സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന എഴാമത് ദേശീയ ചിത്രകലാ ക്യാമ്പും, ഗ്രാമീണ കലോൽസവും ഈ മാസം 21 ന് തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചിത്രകാരൻ എസ് എൻ സുജിത് ക്യൂറേറ്റ് ചെയ്യുന്ന ക്യാമ്പിൽ കേരളത്തിന് പുറത്ത് നിന്നുള്ള ഒമ്പത് കലാകാരടക്കം ഇരുപത് പേർ പങ്കെടുക്കുന്നു. ഇവരെ കൂടാതെ ഒട്ടേറെ തദ്ദേശീയ കലാകാരും ക്യാമ്പിൽ സൃഷ്ടികളിലേർപ്പെടും. എങ്കക്കാട് നിദർശന ആർട്ട് റെസിഡൻസിയിലും പരിസരത്തുമാണ് ക്യാമ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഗ്രാമത്തിലെ വീടുകളിലാണ് കലാകാരുടെ താമസം. ക്യൂറേറ്റർ എസ് എൻ സുജിത് എല്ലാ ക്യാമ്പ് അംഗങ്ങൾക്കും, ക്യാമ്പ് കിറ്റ് കൈമാറുന്നതോടെ നീ ഫെസ്റ്റിന് തുടക്കം കുറിക്കും. 25 ന് ക്യാമ്പ് സമാപിക്കും. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഗ്രാമീണ കലോത്സവത്തിൽ, സ്ത്രീകൾ അവതരിപ്പിക്കുന്ന പയ്യന്നൂരിലെ ചരടു കുത്തി കോൽക്കളി, കാവാലം നാരായണ പണിക്കരുടെ ശിഷ്യൻ കാവാലം സജീവന്റെ നേതൃത്വത്തിൽ നാടൻ ശീലുകളുടെ കച്ചേരി, കലാമണ്ഡലം ടീമിന്റെ മിഴാവിൽ തായമ്പക, തൃശൂർ നാടക സംഘത്തിന്റെ തിയറ്റർ സ്കെച്ചുകൾ, തദ്ദേശീയ കലാപ്രകടനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്കക്കാട് കലാസമിതി മൈതാനത്താണ് തൃശൂർ നാടക സംഘത്തിന്റെ തിയറ്റർ സ്കെച്ചുകൾ, തദ്ദേശീയ കലാപ്രകടനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിൽ നിന്നുള്ള രഞ്ജിത്ത് രവീന്ദ്രന്റെ തെയ്യം ഫോട്ടോ / വീഡിയോ പ്രദർശനം, മാവേലിക്കര ഫൈൻ ആർട്ട്സ് കോളേജ് വിദ്യാർഥികൾ, പഠന യാത്രയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പകർത്തിയ വാസ്തുശിൽപ ഫോട്ടോകളുടേയും, പ്രിന്റുകളുടേയും പ്രദർശനം എന്നീ പരിപാടികൾ എങ്കക്കാട് ഒടുവിൽ കുഞ്ഞികൃഷ്ണ മേനോൻ സ്മാരക വായനശാലയിൽ വെച്ച് നടക്കും. 23 – ന് വൈകീട്ട് 4.30 ന് നടക്കുന്ന ചടങ്ങിൽ പ്രൊഫ.എം കെ നിറച്ചാർത്ത് എഴാം പതിപ്പ്,അന്തരിച്ച ചരിത്ര നിരൂപകൻ വിജയകുമാര മേനോന് സമർപ്പിക്കും. നിറച്ചാർത്ത് പെയിന്റിംഗ് സമ്മാന കൂപ്പൺ പദ്ധതിയുടെ നറുക്കെടുപ്പ് 25 വൈകീട്ട് കലാസമിതി വേദിയിൽ നടക്കും. ഇരുന്നൂറും, അഞ്ഞൂറും രൂപയുടെ കൂപ്പണുകളിലൂടെനാട്ടുകാർക്ക് വലിയ വിലക്കുള്ള പ്രൊഫഷണൽ ചിത്രങ്ങൾ സ്വന്തമാക്കാൻ അവസരമൊരുക്കുന്ന ഈ പദ്ധതി നാലാം വർഷത്തിലേക്ക് കടക്കുന്നു. പത്രസമ്മേളനത്തിൽ ദാസ് വടക്കാഞ്ചേരി, അഹമ്മദ് സിജ്ജത്, ഷീബ നായർ, എം എസ് സുധീഷ് എന്നിവർ പങ്കെടുത്തു.