ക്വാറികളിൽനിന്ന് അനധികൃതമായി മണ്ണും മണലും കടത്തുന്നതിന് ലോറി ഉടമകളിൽനിന്ന് ലക്ഷക്കണക്കിന് രൂപ മാസംതോറും കൈക്കൂലിയായി വാങ്ങിയ കേസിൽ കോട്ടയത്തെ മൂന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ സസ്പെൻഡ് ചെയ്തു. കോട്ടയം തെള്ളകത്തെ എൻഫോഴ്സ്മെന്റ് ആർ.ടി. ഓഫീസിലെ എം.വി.ഐ.മാരായ വി. ഷാജൻ, അജിത്ത് ശിവൻ, എം.ആർ. അനിൽ എന്നിവരെയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് സസ്പെൻഡ് ചെയ്തത്.കിഴക്കൻമേഖല വിജിലൻസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാസില്ലാതെ പോകുന്നതിനും അമിതമായി ലോഡ് കയറ്റുന്നതിനും മാസപ്പടിയായി ഒരു ലോറിക്ക് 7,500 രൂപ വീതം ആറ് ലക്ഷം രൂപ സസ്പെൻഷനിലായ ഉദ്യോഗസ്ഥർ വാങ്ങിയതിന്റെ രേഖകൾ വിജിലൻസിന് ലഭിച്ചിരുന്നു.ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ സർക്കാരിന് ലഭിക്കേണ്ട ജി.എസ്.ടി., റോയൽറ്റി ഇനത്തിൽ വൻ നഷ്ടം വരുത്തിയതായും വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതായി സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിന് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്ന ലോറി ഉടമ കടപ്പൂര് വട്ടുകളം സ്വദേശി രാജീവിനെതിരേ കോട്ടയം വിജിലൻസ് കേസ് രജിസ്റ്റർചെയ്തു.