പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്‌റ്റും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സാറാ തോമസ് (88) അന്തരിച്ചു. ഇന്ന് പുലർച്ചയോടെ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നന്ദാവനം പൊലീസ് ക്യാമ്പിന് സമീപമുള്ള മകളുടെ വസതിയിൽവച്ചാണ് സാറാ തോമസ് വിടവാങ്ങിയത്. തമിഴ് ബ്രാഹ്‌മണരുടെ ജീവിതം പ്രതിപാദിക്കുന്ന നാർമടിപ്പുടവ എന്ന പ്രശസ്‌തമായ കൃതിയ്‌ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. 1979ൽ നോവൽ വിഭാഗത്തിലാണ് കൃതി അവാർഡിനർഹമായത്.നിരവധി കൃതികൾ ചലച്ചിത്രങ്ങളായി മാറിയിട്ടുണ്ട്. പി.എ ബക്കർ സംവിധാനം ചെയ്‌ത മണിമുഴക്കം എന്ന ചിത്രം സാറാ തോമസിന്റെ മുറിപ്പാടുകൾ എന്ന കൃതിയുടെ ചലച്ചിത്രാവിഷ്‌കാരമാണ്. 1976ൽ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡും മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അക്കാഡമി അവാർഡും മണിമുഴക്കം നേടി. ഇതിനുപുറമേ അസ്‌തമയം, അർച്ചന,പവിഴമുത്ത് എന്നീ നോവലുകളും ചലച്ചിത്രമായി.
ദൈവമക്കൾ,ചിന്നമ്മു,അഗ്നിശുദ്ധി, വലക്കാർ, നീലക്കുറിഞ്ഞികൾ ചുവക്കും നേരി, ഗ്രഹണം, കാവേരി,യാത്ര,തണ്ണീർപന്തൽ എന്നിവയും ശ്രദ്ധിക്കപ്പെട്ട കൃതികളാണ്. പാറ്റൂർ മാർത്തോമാ പള്ളി സെമിത്തേരിിൽ നാളെ സംസ്‌കാരം നടക്കും.