എഴുത്തുകാരൻ, രാഷ്ട്രീയപ്രവർത്തകൻ, സാംസ്കാരിക പ്രവർത്തകൻ, പരിസ്ഥിതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി എന്നും നിലകൊണ്ടയാൾ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എന്നിങ്ങനെ ബഹുമുഖ മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു എം.പി. വീരേന്ദ്രകുമാർ (1936 – 2020). ഈ പ്രപഞ്ചത്തിലേക്കും അതിലെ അനന്തമായ ജീവിതത്തിലേക്കും സദാ ജാഗ്രതയോടെ തുറന്നുവെച്ച കണ്ണുകളായിരുന്നു എം.പി. വീരേന്ദ്രകുമാറിന്റേത്.അദ്ദേഹത്തിന്റെ ആലോചനകളിലും ആകുലതകളിലുംപെട്ട വിഷയങ്ങൾക്ക് പരിധിയില്ലായിരുന്നു: മനുഷ്യൻ, അവന്റെ സ്വാതന്ത്യം, ജനാധിപത്യം, ഫാസിസം, പ്രകൃതി; അതിനേല്ക്കുന്ന മുറിവുകൾ, യാത്ര, മതം, ആത്മീയത, ദർശനം, സാഹിത്യം, രാഷ്ട്രീയം, കാലാവസ്ഥാ വ്യതിയാനം,…വീരേന്ദ്രകുമാറിന്റെ മനസ്സും ബുദ്ധിയും ചെന്നുതൊടാത്ത ഇടങ്ങളില്ല. അവസാന കാലങ്ങളിലും തന്റെ ധൈഷണിക സർഗാത്മകത തിളക്കം ചോരാതെ അദ്ദേഹം നിലനിർത്തി.