ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 6 മുതൽ 9 വരെ ശക്തമായ മഴക്കും ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. അറബികടലിൽ പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ് മഴ ശക്തമാകാനുള്ള പ്രധാന കാരണം. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായതും പടിഞ്ഞാറൻ മധ്യപ്രദേശിനും കിഴക്കൻ രാജസ്ഥാനും മുകളിലായി ന്യുന മർദ്ദം നിലനിൽക്കുന്നതും ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നതും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതും കാരണമാണ് അറബികടലിൽ പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നത്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുണമെന്നും അധികൃതർ അറിയിച്ചു .