പ്രശസ്ത ബോളിവുഡ് പിന്നണി ഗായകന് ഭൂപീന്ദർ സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. ഭാര്യയും ഗായികയുമായ മിതാലി സിംഗാണ് അദ്ദേഹത്തിന്റെ മരണ വിവരം പുറത്തുവിട്ടത്. ക്യാൻസറും വൃക്ക സംബന്ധമായ രോഗങ്ങളും ബാധിച്ച് ഏറെ നാളായി കിടപ്പിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കോവിഡ് ബാധിച്ചതോടെയാണ് വഷളായത്. തിങ്കളാഴ്ച വൈകീട്ടോടെ മുംബൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പഞ്ചാബിലെ അമൃത്സർ സ്വദേശിയായ ഭൂപീന്ദർ സിംഗ് അഞ്ച് പതിറ്റാണ്ട് കാലം ബോളിവുഡിൽ നിറഞ്ഞു നിന്നിരുന്നു. മാസ്മരിക ശബ്ദത്തിന് ഉടമയായിരുന്ന അദ്ദേഹം മുഹമ്മദ് റാഫി, ആർ ഡി ബർമൻ, ലതാ മങ്കേഷ്കർ, ആശാ ഭോസ്ലെ, ബാപ്പി ലാഹിരി തുടങ്ങിയ സംഗീത രംഗത്തെ പ്രമുഖർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന അനേകം ഗാനങ്ങള്‍ ബോളിവുഡി ന് സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ മടക്കം. ‘മൗസം”, “സത്തേ പേ സത്ത”, “അഹിസ്ത അഹിസ്ത”, “ദൂരിയൻ”, “ഹഖീഖത്ത്” തുടങ്ങിയ ചിത്രങ്ങളിലെ അവിസ്മരണീയമായ ഗാനങ്ങൾക്ക് ഭൂപീന്ദർ സിംഗ് എന്നും ഓർമ്മിക്കപ്പെടും. 1980-കളിൽ ബംഗ്ലാദേശി ഗായികയായ മിതാലിയെ ഭൂപീന്ദർ സിംഗ് വിവാഹം കഴിച്ചു. മിതാലിയോടൊപ്പം നിരവധി ഗസൽ പ്രോഗ്രാമുകൾ അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഗായകന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പ്രമുഖർ അനുശോചനം അറിയിച്ചു.