ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്‍റ് വെൽനസ് നാലാം വാർഷികത്തോട നുബന്ധിച്ച് ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ഏകദിന ആരോഗ്യമേള സംഘടിപ്പിച്ചു. എടക്കഴിയൂർ സീതിസാഹിബ് മെമ്മോറിയൽ ഹയർ സെക്കന്‍ററി സ്കൂളിൽ നടന്ന ആരോഗ്യമേളയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം അഡ്വ.മുഹമ്മദ് ഗസാലി നിർവ്വഹിച്ചു. എടക്കഴിയൂർ കാജാ സെന്‍ററിൽ നിന്ന് ബഹുജന റാലിയോടേയാണ് മേളയ്ക്ക് തുടക്കം കുറിച്ചത്. മേളയോടനുബന്ധിച്ച് അലോപ്പതി, ആയുർവ്വേദം, ഹോമിയോ വിഭാഗങ്ങളുടെ പ്രദർശന സ്റ്റാളുകൾ, വൈദ്യപരിശോധന ക്യാമ്പുകൾ, ആരോഗ്യസെമിനാർ, കലാകായിക മേളകൾ തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിച്ചു.
സർക്കാരിന്‍റെ ആരോഗ്യ പദ്ധതികൾ, വിവിധ ആരോഗ്യ സേവനങ്ങൾ എന്നിവയെ പറ്റി പൊതുസമൂഹത്തിൽ അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടേയാണ് റവന്യൂ- ബ്ലോക്ക് അടിസ്ഥാനത്തിൽ ആരോഗ്യമേളകൾ നടത്തുന്നത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മിസിരിയ മുസ്താക്കലി അധ്യക്ഷത വഹിച്ച ചടങ്ങിൽ കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ടി പി ശ്രീകല, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി ധനേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മന്ദലാംകുന്ന് മുഹമ്മദുണ്ണി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജാസ്മിൻ ഷെഹീർ, വി.സി. ഷാഹിബാൻ, ഹസീന താജുദ്ദീൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.