ജില്ലയിലെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതികളുടെയും അംഗീകാരം പൂർത്തിയായി. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 2022-23 വർഷം നടപ്പിലാക്കുന്ന മുഴുവൻ പദ്ധതികൾക്കും ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 10 ഗ്രാമപഞ്ചായത്ത്, ഒരു ബ്ലോക്ക്, 3 മുൻസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങി 15 തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് കൂടിയാണ് അംഗീകാരം നൽകിയത്. സർക്കാർ നിർദ്ദേശിച്ച സമയ പരിധിക്കുള്ളിൽ ജില്ലയിലെ എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളും വാർഷിക പദ്ധതി അംഗീകാരം ലഭ്യമാക്കി. സംയുക്ത പദ്ധതികൾക്ക് എല്ലാം തന്നെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ തുക വകയിരുത്തിയിട്ടുണ്ട്. കാൻ തൃശൂർ, ശുഭാപ്തി, സമേതം, എ ബി സി തുടങ്ങിയ പ്രധാന പദ്ധതികൾക്കെല്ലാം തദ്ദേശ ഭരണ സ്ഥാപനങ്ങൾ തുക വകയിരുത്തിയിട്ടുണ്ട്. ആസൂത്രണ ഭവൻ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ ആസൂത്രണ സമിതി ഗവണ്മെന്റ് നോമിനി ഡോ.എം എൻ സുധാകരൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, ജില്ലാ ജനകീയാസൂത്രണം ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, മറ്റു ജില്ലാതല ഉദ്യോഗസ്ഥർ, തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.