ലോക്സഭയില്‍ നാല് കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. കേരളത്തില്‍ നിന്നുളള ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കാം ടാഗോര്‍, ജോതിമാണി എന്നിവരുടെ സസ്പെന്‍ഷന്‍ ആണ് പിന്‍വലിച്ചത്. പ്ലക്കാര്‍ഡുകള്‍ സഭയില്‍ കൊണ്ടുവന്നതിനും സഭയ്ക്കുള്ളില്‍ പ്രതിഷേധം നടത്തിയതിനുമായിരുന്നു സസ്പെന്‍ഷന്‍. കഴിഞ്ഞ മാസം 25 നാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്.
ഇവരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ന് സഭയില്‍ ബഹളം വെച്ചിരുന്നു. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി സഭയില്‍ പ്രവേശിക്കില്ലെന്ന് കോണ്‍ഗ്രസ് കക്ഷി നേതാവ് ഉറപ്പ് നല്‍കണമെന്ന് ഭരണപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
പ്രതിഷേധിക്കാനായി സഭയില്‍ പ്ലക്കാര്‍ഡുകളുമായി അംഗങ്ങള്‍ എത്തുമ്പോള്‍ നടപടി സ്വീകരിക്കാന്‍ താന്‍ നിര്‍ബന്ധിതനാകുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള താക്കീത് നല്‍കി. സഭാ നടപടികളില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നാണ് താല്‍പര്യമെന്നും സ്പീക്കര്‍ പറഞ്ഞു. പ്ലക്കാര്‍ഡുകള്‍ കൊണ്ടുവന്നാല്‍ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ നോക്കാതെ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. ഇത് അവസാന അവസരമെന്ന് പറഞ്ഞാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതായി ഓം ബിര്‍ള പറഞ്ഞത്.
സസ്പെന്‍ഷന്‍ പിന്‍വലിച്ചതിന് പിന്നാലെ രമ്യ ഹരിദാസ്, മാണിക്കാം ടാഗോര്‍, ജോതിമാണി എന്നിവര്‍ സഭയിലെത്തി.
വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും സഭ അംഗീകരിച്ചു. നാളെയാകും ചര്‍ച്ച. അതിനിടെ സഞ്ജയ് റാവത്തിന്‍റെ അറസ്റ്റ് ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ രാജ്യസഭയിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. ലോക്സഭയും രാജ്യസഭയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സമീപനമാണ് പ്രതിപക്ഷ പാര്‍ട്ടികളുടേതെന്ന് ബിജെപി സഭാ കക്ഷി നേതാവ് പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. ആദ്യം ഒരു മണിക്കൂറോളം നിര്‍ത്തിവെച്ച സഭ പിന്നീട് രണ്ട് മണി വരെ നിര്‍ത്തുകയായിരുന്നു. ലോക്സഭയും ബഹളം മൂലം 12 മണി വരെ തടസപ്പെട്ടു.