ശബരിമല ശ്രീകോവിലിലെ ചോര്‍ച്ചയ്ക്ക് കാരണം സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച സ്വര്‍ണം പൊതിഞ്ഞ ആണികള്‍ ദ്രവിച്ചതാണെന്ന് കണ്ടെത്തി. ഇതേ തുടർന്ന് ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച ആണികള്‍ മുഴുവന്‍ മാറ്റും. സ്വര്‍ണപ്പാളികള്‍ക്കിടയിലെ വിടവ് വഴിയുള്ള ചോര്‍ച്ച തടയാന്‍ പശ ഉപയോഗിക്കും. ചോര്‍ച്ച പരിഹരിക്കാനുള്ള ജോലികള്‍ ഈ മാസം 22 ന് തുടങ്ങും. ഓണത്തിന് നട തുറക്കുന്നതിന് മുമ്പ് പ്രവൃത്തികൾ പൂര്‍ത്തിയാക്കും. ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശിൽപങ്ങളിലേക്കാണ് മഴ പെയ്യുമ്പോള്‍ വെള്ളം വീഴുന്നത്. വാസ്തു വിദഗ്ധനും ദേവസ്വം ബോര്‍ഡിലെ റിട്ട. മൂത്താശാരിയുമായ പാലാ സ്വദേശി എം കെ രാജു, ശില്പി പഴനി ആചാരി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍, സ്പെഷല്‍ കമ്മീഷണര്‍ (ജില്ലാ ജഡ്ജി) എം മനോജ്, ദേവസ്വം കമ്മീഷണര്‍ ബി എസ് പ്രകാശ്, തിരുവാഭരണം കമ്മീഷണര്‍ ജി ബൈജു, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാര്‍, ദേവസ്വം വിജിലന്‍സ് എസ് പി സുബ്രഹ്മണ്യന്, ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ ആര് അജിത്കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.