വിവരാവകാശ അപേക്ഷയ്ക്ക് സമയബന്ധിതമായി മറുപടി നൽകുന്നതിൽ വീഴ്ച്ച വരുത്തിയ കൊച്ചി കോർപ്പറേഷന് പിഴ ചുമത്തി സംസ്ഥാന വിവരാവകാശ കമ്മീഷൻ. കോർപ്പറേഷൻ ഓഫീസിലെ വിവരാവകാശ ഓഫീസറായ എ. ഹയറുന്നിസയ്ക്കാണ് കമ്മീഷൻ 25,000 രൂപ പിഴ ശിക്ഷ വിധിച്ചത്.
പള്ളുരുത്തി സ്വദേശി പി.എം ധനീഷിന്‍റെ വീടിനോട് ചേർന്ന് കോണം സ്വദേശി മുരളി എന്നയാൾ നടത്തിയ അനധികൃത നിർമ്മാണം സംബന്ധിച്ച വിവരാവകാശ അപേക്ഷ നൽകിയിരുന്നു. എന്നാൽ കൃത്യമായ മറുപടി നൽകാൻ വിവരാവകാശ ഓഫീസറോ അപ്പീൽ അധികാരിയോ തയ്യാറായില്ല.
തുടർന്ന് ഹിയറിംഗിൽ വിവരാവകാശ ഓഫീസർ നിയമം ലംഘിച്ചതായും, കുറ്റകരമായ അനാസ്ഥ കാട്ടിയതായും കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്നാണ് വിവരാവകാശ കമ്മീഷണർ ഡോ.കെ.എൽ വിവേകാനന്ദൻ പിഴ വിധിച്ചത്. ശിക്ഷിക്കപ്പെട്ട ഹയറുന്നിസ തുക ട്രഷറിയിൽ അടച്ചു രസീത് കമ്മീഷനിൽ നൽകുകയും ചെയ്തു.
ആർടിഐ നിയമം പ്രകാരം അപേക്ഷ സമർപ്പിച്ച് നിശ്ചിത സമയത്തിനുള്ള മറുപടി നൽകിയില്ലെങ്കിൽ ഒരു ദിവസം 250 രൂപ വീതം പിഴ അടയ്ക്കേണ്ടതാണ്. പരമാവധി 25,000 രൂപയാണ് പിഴ.