മലപ്പുറത്ത് വാഹനത്തിൽ കറങ്ങി നടന്ന് ലഹരിമരുന്ന് വിൽക്കുന്ന സംഘത്തെ എക്സൈസ് പിടികൂടി. മലപ്പുറം ജില്ലയിൽ രണ്ടിടത്തു നിന്നായി 26.3 ഗ്രാം എംഡിഎംഎയും എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഡിഎംഎയ്ക്കു പുറമേ 140 ഗ്രാം കഞ്ചാവും നാല് മൊബൈൽ ഫോണും 16,950 രൂപയും പ്രതികളിൽ നിന്നു കണ്ടെടുത്തു. പെരിന്തൽമണ്ണയിൽ രാമപുരത്ത് വാടക മുറിയിൽ നിന്നാണു 21.5 ഗ്രാം എംഡിഎംഎയും 140 ഗ്രാം കഞ്ചാവും 4 മൊബൈൽ ഫോണും പണവും പിടിച്ചെടുത്തത്. ഇവിടത്തെ താമസക്കാരായ തിരൂർ വൈലത്തൂർ സ്വദേശി ജാഫറലി (37), വടക്കേമണ്ണ പാടത്തുപീടിയേക്കൽ മുഹമ്മദ് ഉനൈസ് (25), ചെമ്മങ്കടവ് പൂവൻ തൊടി മുഹമ്മദ് മാജിദ് (26), കൂട്ടിലങ്ങാടി മുഹമ്മദ് ഫഹദ് (19) എന്നിവരെ അറസ്റ്റ് ചെയ്തു. കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാടകയ്ക്ക് മുറിയെടുത്ത് നൂറു മില്ലിഗ്രാം മുതലുള്ള ചെറു പൊതികളാക്കി വാഹനത്തിൽ പലയിടങ്ങളിൽ കറങ്ങിയായിരുന്നു സംഘത്തിന്റെ വിൽപന.എക്സൈസ് ഓഫീസർമാർ ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് മയക്കുമരുന്ന് സംഘത്തെ വലയിലാക്കിയത്.