സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ജനങ്ങളെ മരിക്കാൻ വിട്ട് ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേരളത്തിലേത് ഗൗരവകരമായ സാഹചര്യമാണ്. ഇത്രയും മോശകരമായ റോഡുകൾ ഇന്ത്യയിൽ മറ്റൊരിടത്തുമില്ലെന്നും ഹൈക്കോടതി വിമർശിച്ചു.
റോഡുകളെ കൊല നിലങ്ങൾ ആക്കാൻ അനുവദിക്കാൻ കഴിയില്ല. ഓരോ തവണ ദുരന്തമുണ്ടാകുമ്പോഴും കോടതിക്ക് ഉത്തരവിറക്കാൻ കഴിയില്ല. റോഡപകടങ്ങൾ മനുഷ്യനിർമിത ദുരന്തമാണ്. ഇത് തടയാൻ ജില്ലാ കലക്ടർമാർ കൃത്യമായി ഇടപെടൽ നടത്തണമെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജികൾ പരിഗണിക്കവെ ആയിരുന്നു കോടതിയുടെ വിമർശനം
എന്നാൽ കരാർ കമ്പനികൾക്കാണ് ഉത്തരവാദിത്തമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ വാദിച്ചു. തുടർന്ന് കരാർ സംബന്ധിച്ച രേഖകൾ ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ എൻഎച്ച്എഐയ്ക്ക് നിർദേശം നൽകി. കൂടാതെ ദേശീയപാതകൾ ഒരാഴ്ചയ്ക്കകം ശരിയാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഈമാസം 19ന് ഹർജികൾ വീണ്ടും പരിഗണിക്കും.