മുണ്ടക്കയം: വിവാഹാലോചന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍.
ഇടുക്കി കണയങ്കവയല്‍ സ്വദേശിയായ വിശാഖിനെയാണ് (21) മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടിയുടെ അമ്മയെയാണ് ആക്രമിച്ചത്. പ്രതി നേരത്തേ പെണ്‍കുട്ടിയെ വിവാഹം കഴിക്കണം എന്ന ആഗ്രഹത്തോടെ വീട്ടില്‍ ചെന്നെങ്കിലും വീട്ടുകാര്‍ സമ്മതിക്കാതെ മടക്കി അയക്കുകയായിരുന്നു.
ഇതിലെ വിരോധംമൂലം വിശാഖ് കഴിഞ്ഞദിവസം വെളുപ്പിനെ പെണ്‍കുട്ടിയുടെ വീടിന് പിറകുവശത്ത് പതുങ്ങിയിരുന്ന് അമ്മ പുറത്തിറങ്ങുന്ന തക്കം നോക്കി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ശബ്ദംകേട്ട് അടുത്ത് താമസിക്കുന്ന ബന്ധുക്കള്‍ ഓടിക്കൂടുകയും തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മുണ്ടക്കയം എസ്.എച്ച്.ഒ ഷൈന്‍ കുമാര്‍.എ, എസ്.ഐമാരായ അനീഷ് പി.എസ്, അനൂപ് കുമാര്‍, മാമന് വി. എബ്രഹാം, എ.എസ്.ഐ അനില്‍കുമാര്‍, സി.പി.ഒമാരായ രേഖ റാം, നൂറുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.