കേരളത്തിൽ നിലനിന്നിരുന്ന അസമത്വങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ പോരാടിയ കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ് മഹാത്മാ അയ്യൻകാളി. പ്രമുഖ ഹരിജന നേതാവും, നവോത്ഥാന നായകനുമായിരുന്ന അയ്യന്‍കാളിയുടെ ജന്മദിനമാണ് ഓഗസ്റ്റ് 28.
1863 ഓഗസ്റ്റ് 28 ന് തിരുവവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യന്‍കാളി ജനിച്ചത്.സമൂഹത്തിൽ നിന്നും, ബഹിഷ്ക്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻകാളി പോരാടിയത്.
പുലയസമുദായംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം പിടിച്ചെടുത്ത് ശ്രദ്ധേയനായി. 1905 ല്‍ സാധുജനപരിപാലയോഗം രൂപീകരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യ നേതാവായിത്തീര്‍ന്നു.തിരുവിതാംകൂറില്‍ കര്‍ഷകതൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യന്‍കാളിയാണ്. 1910 ല്‍ ശ്രീമൂലം രാജ്യസഭയിലേയ്ക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. 25 വര്‍ഷം അംഗത്വം തുടര്‍ന്നു. ഹരിജന ബാലകര്‍ക്ക് വിദ്യാലയപ്രവേശനം , സൗജന്യ ഉച്ചഭക്ഷണം, സൗജന്യ നിയമസഹായം എന്നിവയ്ക്കു വേണ്ടി സഭയില്‍ ഫലപ്രദമായി വാദിച്ചു. 1926 ഫെബ്രുവരി 27ലെ പ്രജാസഭാപ്രസംഗം സുപ്രധാനമാണ്.
അയ്യങ്കാളിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട അധഃസ്ഥിതരായ സ്ത്രീകള്‍ കല്ലുമാല പൊട്ടിച്ചെറിയാനും മാറു മറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരള ചരിത്രത്തിന്റെ ഭാഗമാണ്. പുലയരാജാവ് എന്നാണ് ഗാന്ധിജി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ക്ഷേത്രപ്രവേശന വിളംബരത്തെ തുടര്‍ന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യന്‍കാളിയെ സന്ദര്‍ശിച്ചിരുന്നു.