ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദിഷ്ട അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തിക്കൊണ്ടിരിക്കുന്നു. സായുധസേനകളില്‍ യുവാക്കള്‍ക്ക് നാലുവര്‍ഷത്തേക്ക് ഹ്രസ്വകാലനിയമനം നല്‍കുന്ന പദ്ധതിക്കെതിരേ പ്രതിഷേധിക്കുന്നവര്‍ ഇന്നും ട്രെയിനുകള്‍ക്ക് തീയിട്ടു. ബിഹാറില്‍ രണ്ട് ട്രെയിനുകള്‍ക്ക് തീയിട്ട പ്രതിഷേധക്കാര്‍ സ്റ്റേഷനുകളില്‍ കല്ലേറ് നടത്തുകയും റെയില്‍വേ ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലും ട്രെയിനുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ബിഹാറിലെ സമസ്തിപുരില്‍ സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസിന് പ്രതിഷേധക്കാര്‍ തീയിട്ടു. മൊഹിയുദ്ദീന്‍നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ജമ്മുതാവി ട്രെയിഎക്പ്രസ് ട്രെയിന്റെ രണ്ട് കോച്ചുകള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ബെഗുര്‍സാരായ് റെയില്‍വേ സ്റ്റേഷനില്‍ ഉദ്യോഗാര്‍ഥികൾ പ്രതിഷേധം ആരംഭിച്ചതോടെ ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങി. ബിഹിയയില്‍ രണ്ട് റെയില്‍വേ ജീവനക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കനത്ത പ്രതിഷേധത്തേത്തുടര്‍ന്ന് ബീഹാറില്‍ 38 ട്രെയിനുകള്‍ പൂര്‍ണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയെന്നും റെയില്‍വേ അറിയിച്ചു.
ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍, മധ്യപ്രദേശ്, ജമ്മു, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് പരക്കേ പ്രതിഷേധമുണ്ടായത്. യുവാക്കള്‍ തെരുവിലിറങ്ങിയതോടെ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. ബിഹാറില്‍ ഇന്നലെയും മൂന്ന് തീവണ്ടിക്ക് തീയിട്ടിരുന്നു. വിവിധയിടങ്ങളില്‍ റോഡുകളും റെയില്‍പ്പാതകളും ഉപരോധിച്ചു. കല്ലേറുമുണ്ടായി. രാജസ്ഥാനിലെ അജ്‌മേര്‍-ഡല്‍ഹി ദേശീയപാത ഉദ്യോഗാര്‍ഥികള്‍ തടഞ്ഞിരുന്നു. ജോധ്പുരില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഹിമാചല്‍പ്രദേശിലെ ഗഗ്ഗല്‍ വിമാനത്താവളത്തിനുമുന്നിലും യുവാക്കള്‍ പ്രതിഷേധിച്ചിരുന്നു.