പ്രവാസികളെ ആശങ്കയിലാക്കി വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നു. യുകെയിലേക്ക് രണ്ടിരട്ടിയോളമാണ് ടിക്കറ്റ് നിരക്ക് വര്‍ധിച്ചത്. കോഴിക്കോട് നിന്നും യുകെയിലേക്ക് അടുത്ത ദിവസം മുതല്‍ 1.25 ലക്ഷം രൂപയോളമാണ് ടിക്കറ്റ് നിരക്ക്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും ഉയർന്നിട്ടുണ്ട്. കോഴിക്കോട് നിന്നും ദുബൈയിലേക്ക് 45,000 രൂപ മുതല്‍ 56,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. അബുദാബിക്കുളള ടിക്കറ്റിന് നാല്‍പ്പതിനായിരം രൂപയിലധികവും. ടിക്കറ്റ് നിരക്ക് അപ്രതീക്ഷിതമായി ഉയർന്നതോടെ, ഓണാവധിക്ക് നാട്ടിലെത്തിയ മലയാളികൾ ആശങ്കയിലാണ്. ഗള്‍ഫില്‍ സ്കൂളുകള്‍ തുറന്നതോടെ നാട്ടില്‍ നിന്ന് തിരികെ മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്കും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് തിരിച്ചടിയായിട്ടുണ്ട്. വേനല്‍ അവധിക്ക് ഗള്‍ഫില്‍ സ്കൂളുകള്‍ അടച്ചതോടെ വണ്‍വേ ടിക്കറ്റ് എടുത്ത് നാട്ടിലെത്തിയവരാണ് തിരികെ മടങ്ങാന്‍ പ്രയാസം അനുഭവിക്കുന്നത്. ഒരാള്‍ക്ക് 40,000 രൂപയ്ക്ക് മുകളിലാണ് യു.എ.ഇയിലേക്കുള്ള വണ്‍വേ ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബത്തിന് ദുബൈയിലേക്ക് മടങ്ങാന്‍ 1.6 ലക്ഷം മുതല്‍ 3.5 ലക്ഷം രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. അബുദാബിയിലേക്കാണെങ്കില്‍ 5000 മുതല്‍ 10,000 രൂപ വരെ നിരക്ക് വര്‍ധിക്കും. ഉയര്‍ന്ന തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റ് ഒഴിവില്ലാത്തതിനാല്‍ യു.എ.ഇയിലേക്ക് മടങ്ങണമെങ്കില്‍ കണക്ഷന് വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും. കുവൈത്തിലേക്ക് ഒരാള്‍ക്ക് കുറഞ്ഞത് 52,000 രൂപ ചിലവ് വരും. ഖത്തറിലേക്കും മസ്കറ്റിലേക്കും ഒരാള്‍ക്ക് 35,000 രൂപയും ബഹ്റൈനിലേക്ക് ഒരാള്‍ക്ക് 44,000 രൂപയ്ക്ക് മുകളിലുമാണ് ടിക്കറ്റ് നിരക്കായി നല്‍കേണ്ടി വരിക. റിയാദിലേക്ക് 50,000 രൂപയാണ് നിരക്ക്.