കോഴിക്കോട് ജില്ലയിലെ മിഠായിത്തെരുവിൽനിന്ന് 35,000 രൂപയുടെ ജീൻസ് പാന്റ്സുകൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ. മീഞ്ചന്ത ആർട്സ് കോളേജ് പുതുക്കുടിവീട്ടിൽ അബ്ദുൾ ജബ്ബാർ (30), നടക്കാവ് നാലുകുടിപ്പറമ്പ് സക്കീർ (32) എന്നിവരാണ് അറസ്റ്റിലായത്.മിഠായിത്തെരുവിൽ ഹനുമാൻകോവിലിന് മുൻവശം തെരുവോരത്ത് തുണിക്കച്ചവടം ചെയ്യുന്ന പെരുവയൽ സ്വദേശിയായ രാധാകൃഷ്ണൻ വിൽപ്പനയ്ക്കായി സൂക്ഷിച്ച തുണിത്തരങ്ങളാണ് മോഷ്ടിച്ചത്.ബുധനാഴ്ച രാത്രിയിലാണ് സംഭവം. അനസ് കോംപ്ലക്സിലെ ഒന്നാംനിലയിലുള്ള മുറിയുടെ ഷട്ടറിനുമുൻവശം സൂക്ഷിച്ച 35,000 വിലവരുന്ന തുണിത്തരങ്ങൾ ഉൾപ്പെട്ട കെട്ടുകൾ ഇവർ മോഷ്ടിക്കുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ഇവർ സഞ്ചരിച്ച വാഹനം കണ്ടെത്തി. ടൗൺ ഇൻസ്പെക്ടർ എം.വി. ബിജു, എസ്.ഐ. സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജേഷ് കുമാർ, എസ്.വി. രാജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ജിതേന്ദ്രൻ, വിപിൻദാസ്, പ്രവീൺ, പ്രസാദ്, ജിതിൻ എന്നിവരുൾപ്പെട്ട അന്വേഷണസംഘമാണ് ഇവരെ പിടികൂടിയത്.