ഒരാൾ ടെറസിൽനിന്ന് വീണുമരിച്ചു; മറ്റെയാൾ വാട്ടർടാങ്കിൽ വീണുമരിച്ചു.
ഇരുവരുടെയും മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ഇതിൽ ഒരാൾ ആത്മഹത്യ ചെയ്തതാണോയെന്നും പരിശോധിക്കുന്നുണ്ട്.
ജയ്‌പുർ: മണിക്കൂറുകളുടെ ഇടവേളയിൽ ഇരട്ടസഹോദരങ്ങളുടെ അപകടമരണം യാദൃശ്ചികതയായി. രാജസ്ഥാൻ സ്വദേശികളായ സുമർ സിങ്, സോഹൻ സിങ് എന്നിവരാണ് 900 കിലോമീറ്ററോളം അകലെ രണ്ടിടങ്ങളിലായി മരിച്ചത്.
ഗുജറാത്തിലെ സൂറത്തിൽ ജോലി ചെയ്തിരുന്ന സുമർ ടെറസിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. ഫോൺ ചെയ്യുന്നതിനിടെയാണ് സമുർ അപകടത്തിൽപ്പെട്ടത്. ബുധനാഴ്ചയായിരുന്നു സുമർ മരിച്ചത്. സഹോദരൻ മരിച്ച വാർത്തയറിഞ്ഞ് വീട്ടിലെത്തിയ സോഹർ വാട്ടർ ടാങ്കിൽ വീണ് മരിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് സോഹർ അപകടത്തിൽപ്പെട്ടത്. ജയ്‌പുരിൽ സെക്കൻഡ് ഗ്രേഡ് ടീച്ചർ റിക്രൂട്ട്‌മെന്റ് ടെസ്റ്റിന് വേണ്ടി പഠിക്കുകയായിരുന്നു സോഹർ.
ഇരുവരുടെയും മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുമർ ആത്മഹത്യ ചെയ്തതാകാമെന്ന സംശയം പൊലീസ് പ്രകടിപ്പിക്കുന്നുണ്ട്. ഫോൺ ഉൾപ്പടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ചശേഷമായിരിക്കും ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയെന്നും പൊലീസ് പറഞ്ഞു.
രണ്ടുപേരുടെയും മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇരുവരുടെയും സംസ്ക്കാരം കഴിഞ്ഞ ദിവസം ഒരുമിച്ച് നടത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരട്ട സഹോദരങ്ങളുടെ മരണത്തിലെ ദുരൂഹത നീക്കുമെന്ന് പൊലീസ് അറിയിച്ചു.