വിവാദങ്ങള്‍ക്കൊടുവില്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും നീക്കിയപ്പോള്‍ ആലപ്പുഴയ്ക്ക് തിരികെ ലഭിക്കുന്നത് പ്രിയങ്കരനായ ഭരണാധികാരിയെ. ആലപ്പുഴയുടെ മനസ് കീഴടക്കിയ സബ് കളക്ടര്‍ എന്ന ലേബലില്‍ പടിയിറങ്ങിയ കൃഷ്ണ തേജ ഐഎഎസ് തിരിച്ച് വരുമ്പോള്‍ ജില്ലയെ അറിയുന്ന ഭരണാധികാരി എന്ന വികാരമാണ് നാട്ടുകാര്‍ക്ക്. 2018-ലെ പ്രളയത്തിന്‍റെ ഭീകരത വലിയതോതില്‍ നേരിട്ട ആലപ്പുഴയ്ക്ക് കൈത്താങ്ങായി മുന്‍പന്തിയിലുണ്ടായിരുന്നു അന്നത്തെ ആലപ്പുഴ സബ് കളക്ടറായിരുന്ന കൃഷ്ണ തേജ ഐഎഎസ്. ഓപ്പറേഷന്‍ കുട്ടനാട്, ഐ ആം ഫോര്‍ ആലപ്പി തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ പ്രളയത്തില്‍ തകര്‍ന്ന ആലപ്പുഴയെ കൈ പിടിച്ചുയര്‍ത്തുന്നതില്‍ കൃഷ്ണ തേജ വഹിച്ച പങ്ക് ചെറുതല്ല. നിലവില്‍ പട്ടികജാതി വികസന കോര്‍പ്പറേഷന്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചു വന്ന അദ്ദേഹം 2017 ഒക്ടോബറിലായിരുന്നു ആലപ്പുഴ സബ് കളക്ടറായി ചുമതലയേറ്റത്. 2018ലെ പ്രളയ സമയത്ത് ഏത് സാധാരണക്കാരനും കടന്നു ചെല്ലാവുന്നയിടമായിരുന്നു സബ് കളക്ടറുടെ ഓഫീസ്. ഭരണകൂടത്തിന്‍റെയും, വിവിധ വ്യക്തികളുടെയും, സംഘടനകളുടെയും സഹകരണത്തോടെ ‘ഐ ആം ഫോര്‍ ആലപ്പി’ എന്ന പദ്ധതി വഴി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കൃഷ്ണ തേജയായിരുന്നു. രാജ്യാന്തര തലത്തില്‍ തന്നെ മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് ‘ഐ ആം ഫോര്‍ ആലപ്പി’യുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നത്. സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് മുന്നില്‍ പ്രളയം കവര്‍ന്നെടുത്തതെല്ലാം തിരികെ നല്‍കിക്കൊണ്ടായിരുന്നു പദ്ധതി മുന്നോട്ട് പോയത്.
ആന്ധ്രാ സ്വദേശിയായ കൃഷ്ണ തേജയുടെ വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും പദ്ധതിയുടെ ഭാഗമായി ആലപ്പുഴയ്ക്ക് സഹായമായെത്തി. സന്നദ്ധരായി മുന്നോട്ട് വന്നവര്‍ ഗുണഭോക്താക്കള്‍ക്കുള്ള സഹായങ്ങള്‍ നേരിട്ട് കൈമാറിയെന്നത് പദ്ധതിയെ കൂടുതല്‍ സുതാര്യമാക്കി. കന്നുകാലികള്‍ നഷ്ടപ്പെട്ടവര്‍ക്ക് പകരം കന്നുകാലികള്‍, വള്ളങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ഫൈബര്‍ വള്ളങ്ങള്‍, വീടുകള്‍, അംഗനവാടികള്‍, സ്‌കൂളുകള്‍ അങ്ങനെ ആലപ്പുഴയുടെ പുനരുദ്ധാരണം ഏറെക്കുറെ പൂര്‍ത്തിയാക്കിയാണ് ‘ഐ ആം ഫോര്‍ ആലപ്പി’ അവസാനിച്ചത്. ഓപ്പറേഷന്‍ കുട്ടനാടിലൂടെ താഴ്ന്ന പ്രദേശങ്ങളിലെ രണ്ട് ലക്ഷം ജനങ്ങളെ മാറ്റി പാര്‍പ്പിച്ചതിന് പിന്നിലും കൃഷ്ണ തേജയുടെ മികവായിരുന്നു. 2019 സെപ്തംബറിലാണ് സബ് കളക്ടര്‍ പദവിയില്‍ നിന്ന് ടൂറിസം ഡയറക്ടറായി ചുമതലയേറ്റ് കൃഷ്ണ തേജ ആലപ്പുഴ വിടുന്നത്. 2015 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ കൃഷ്ണ തേജ എഞ്ചിനീയറിംങ് ബിരുദ ധാരിയാണ്.