പുനലൂരിൽ വനത്തിൽ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച യൂട്യൂബർ അമല അനുവിന്‍റെ കാർ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് പോത്തൻകോട്ടുള്ള സുഹൃത്തിന്‍റെ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. അമല അനു ഇവിടെ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയതെങ്കിലും ഇവരെ കണ്ടെത്താനായില്ല. മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് യൂട്യൂബർ കൊച്ചിയിലേക്ക് മാറിയെന്ന വിവരമാണ് ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ സുഹൃത്തിന്‍റെ വീട്ടിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും അമലയെ കണ്ടെത്താനായില്ല. അമല അനുവിനെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
വനിതാ വ്ളോഗറുടെ മുൻകൂർ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ എതിർക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി. മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്ത് കൊണ്ട് വനം വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. വനത്തിൽ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വനം വകുപ്പ് നിർദേശിച്ചെങ്കിലും അമല അനു എത്തിയില്ല. ഈ സാഹചര്യത്തിൽ സൈബർ സെല്ലിന്‍റെ സഹായത്തോടെ ഇവരെ അറസ്റ്റ് ചെയ്യാൻ വനംവകുപ്പ് നീക്കം തുടങ്ങിയിരുന്നു.