സ്വന്തം ജീവിതത്തിൽ ഒന്നും നേടാനാകാതെ സ്വയം മെഴുകുതിരി പോലെ ഉരുകിത്തീർന്നവരാണ് പഴയകാല കലാകാരൻമാരെന്നും അക്കൂട്ടത്തിൽപ്പെട്ട വടക്കാഞ്ചേരിയുടെ ജനകീയ കലാകാരനായിരുന്നു ചിത്രകാരനായ നൂറുദ്ദീനെന്നും യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എം സതീശൻ പറഞ്ഞു. യുവകലാസാഹിതി സംസ്ഥാനക്കമ്മറ്റിയുടെ നിർദ്ദേശപ്രകാരം , “ഓണക്കാലത്ത് കലാകാരന്മാരോടൊപ്പം യുവകലാസാഹിതി” എന്ന പരിപാടിയുടെ ഭാഗമായി വടക്കാഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗൃഹാങ്കണ ആദരസദസ്സ് മാരാത്തുകുന്നിൽ ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു ഇ.എം. സതീശൻ. പരിപാടിയുടെ ഭാഗമായി ഓണക്കോടിയും ദക്ഷിണയും നൽകി ആർട്ടിസ്റ്റ് നൂറുദ്ദീനെ യുവകലാസാഹിതി ആദരിച്ചു. പി.എൻ.മേനോൻ, ഭരതൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, അബൂബക്കർ, കലാമണ്ഡലം ഹൈദരാലി തുടങ്ങിയ നിരവധി കലാകാരന്മാരുടെ സമശീർഷനായ നൂറുദ്ദീനെ , പക്ഷെ ലോകം വേണ്ടത്ര അറിയുകയോ അംഗീകരിക്കുകയോ ചെയ്തില്ലായെന്നും ഇ.എം.സതീശൻ പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് കെ.പി.തോമസ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി. എം.വി.സുരേഷ് ജില്ലാ സെക്രട്ടറി സി.വി.പൗലോസ്, സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.ആർ.സോമനാരായണൻ, നഗരസഭ വൈസ് ചെയർ പേഴ്സൺ ഷീല മോഹൻ, വിസ്മയ ഷംസു , ഉമർ ഷെരീഫ്, എ. എ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.