തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി എങ്കക്കാട്ട് ഗ്രാമത്തിൽ പരമേശ്വരൻ നായരുടെയും കാർത്ത്യായനിയമ്മയുടെയും മകനായി 1947 നവംബർ 14ന് ആണ് ഭരതന്‍റെ ജനനം . സംവിധായകൻ പി എൻ മേനോൻ പിതൃസഹോദരനായിരുന്നു.സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ നിന്നും ഡിപ്ലോമ എടുത്ത ശേഷം സംവിധായകൻ വിൻസന്‍റിനൊപ്പം ഉദയായുടെ ഗന്ധർവ്വ ക്ഷേത്രമെന്ന ചിത്രത്തിൽ കലാ സംവിധായകനായി. ചെണ്ടയെന്ന ചിത്രത്തിൽ വിൻസന്‍റിനൊപ്പം സംവിധാന സഹായിയായി ആണ് ഭരതന്‍റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.1974 ൽ സ്വയം നിർമ്മാണം ഏറ്റെടുത്ത പ്രയാണം എന്ന ബ്ലാക്ക് & വൈറ്റ് ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് ഭരതൻ തന്‍റെ സിനിമയിലെ പ്രയാണമാരംഭിച്ചു. തിരക്കഥാകൃത്തായി പദ്മരാജന്‍റെ വരവും ഈ ചിത്രത്തിലൂടെയായിരിന്നു .ഉറൂബിന്‍റെ അണിയറ, എൻ ഗോവിന്ദൻ കുട്ടി – ഉണ്ണികൃഷ്ണൻ ടീമിന്‍റെ ഗുരുവായൂർ കേശവൻ എന്നീ ചിത്രങ്ങൾ തുടർന്ന് സംവിധാനം ചെയ്തു. സുപ്രിയയുടെ ബാനറിൽ, കൗമാര സ്വപ്നങ്ങളിലേക്ക് തീകോരിയിട്ടുകൊണ്ട് പദ്മരാജന്‍റെ തിരക്കഥയിൽ ചെയ്ത രതിനിർവ്വേദം ഭരതനെ ജനപ്രിയ സംവിധായകൻ എന്ന നിലയിലേക്കുയർത്തി. തന്നേക്കാൾ പ്രായമുള്ള സ്‌ത്രീയുമായുള്ള ഒരു കൗമാരക്കാരന്‍റെ പ്രണയത്തിന്‍റെ കഥയും അതിന്‍റെ ആഖ്യാനവും എന്തിനു പോസ്റ്റർ ഡിസൈൻ പോലും അക്കാലത്ത് കോളിളക്കം സൃഷ്ടിച്ചു. ഭരതൻ സ്വന്തം രചനയിൽ സംവിധാനം ചെയ്ത ചിത്രമാണ് ആരവം. സാമ്പത്തികമായി വൻപരാജയമായെങ്കിലും ആരവത്തിലെ കലാകാരന്മാരെത്തന്നെ അണിനിരത്തി പദ്മരാജന്‍റെ കഥയിലും തിരക്കഥയിലും നിർമ്മിച്ച തകര വൻവിജയമായിരുന്നു. അന്തരിച്ച നടൻ പ്രതാപ് പോത്തന്‍റെ എക്കാലത്തേയും മികച്ച ചിത്രമാണ് തകര . ലോറി എന്ന പേരിൽ അടുത്ത ചിത്രം ചെയ്തെങ്കിലും കാലതാമസം വന്നതിനാൽ ചാമരം സംവിധാനം ചെയ്തു. ജോൺപോൾ ഈ സിനിമയിലൂടെയാണ് കടന്നു വരുന്നത്. ജോൺപോളിന്‍റെ തിരക്കഥയിൽ പാളങ്ങൾ, ഓർമ്മയ്ക്കായ്, മർമ്മരം, കാതോടു കാതോരം, സന്ധ്യമയങ്ങും നേരം, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, നീലക്കുറിഞ്ഞി പൂത്തപ്പോൾ, ചമയം, മാളൂട്ടി, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ഒരു സായാഹ്നത്തിന്‍റെ സ്വപ്നം എന്നീ ചിത്രങ്ങൾ ചെയ്തു. ഡെന്നീസ് ജോസഫിന്‍റെ തിരക്കഥയിൽ കേളി, പ്രണാമം, ചിലമ്പ് എന്നീ ചിത്രങ്ങളും ടി. ദാമോദരനൊപ്പം കാറ്റത്തെക്കിളിക്കൂട് എന്ന ചിത്രവും തോപ്പിൽ ഭാസിക്കൊപ്പം എന്‍റെ ഉപാസന, എം.ടിക്കൊപ്പം വൈശാലി, താഴ്‌വാരം, പദ്മരാജനുമായി ചേർന്ന് ഈണം, ഒഴിവുകാലം, മണി ഷൊർണ്ണൂരിനൊപ്പം ദേവരാഗം എന്നിവയും സംവിധാനം ചെയ്തു. ലോഹിതദാസുമായി അണിയിച്ചൊരുക്കിയ അമരം മലയാളത്തിലെ എക്കാലത്തേയും മികച്ച ജനപ്രിയ ചിത്രമായി. പാഥേയം, വെങ്കലം എന്നീ ചിത്രങ്ങളും ഭരതൻ ലോഹി ടീമിന്‍റേതായുണ്ട്. കാറ്റത്തെ കിളിക്കൂടിന്‍റെ തമിഴ്-തെലുങ്കു പതിപ്പുകൾക്കു പുറമേ തകരയുടെ തമിഴ് മൊഴിമാറ്റമായ ‘ആവാരം പൂ’, തെലുങ്കിൽ നിന്ന് മലയാളത്തിലേക്ക് മാറ്റിയ മഞ്ജീരധ്വനി, ദേവരാഗത്തിന്‍റെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ് പതിപ്പുകൾ, കമലഹാസൻ നായകനായ ‘തേവർമകൻ’ എന്നിവയും സംവിധാനം ചെയ്തു. താഴ്‌വാരത്തിലെ കണ്ണെത്താ ദൂരേ മറുതീരം, കേളിയിലെ താരം വാൽക്കണ്ണാടി നോക്കി, ഓലേലം പാടി, ഈണം എന്ന ചിത്രത്തിലെ മാലേയലേപനം (ഇതിന്‍റെ രചനയും ഇദ്ദേഹമായിരുന്നു), കാതോടു കാതോരത്തിലെ കാതോടു കാതോരം എന്ന ഗാനം, തെറ്റുകൾ എന്ന ചിത്രത്തിലെ ‘ഇല്ലം കാവിൽ’, ‘മണൽക്കാട്ടിൽ’, ‘തമസോമാ’, ‘ഇല്ലം കാവിൽ’ എന്നിവ ഭരതൻ സംഗീതം പകർന്ന ഗാനങ്ങളാണ്. ചിലമ്പിലെ താരും തളിരും മിഴിപൂട്ടി, പുടമുറിക്കല്ല്യാണം, പ്രണാമത്തിലെ കടലിളകി, തളിരിലയിൽ, താളം മറന്ന എന്നീ ഗാനങ്ങളുടെ രചനയും നിർവ്വഹിച്ചു. ആദ്യ ചിത്രമായ പ്രയാണം 1975 ലെ ഏറ്റവും മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മികച്ച സംവിധായകൻ, കലാസംവിധായകൻ എന്നിവയ്ക്കുള്ള സംസ്ഥാന അവാർഡും നേടി. 1979 ൽ തകരയിലൂടെ വീണ്ടും സംവിധാന – കലാ സംവിധാന അവാർഡ് നേടി. ചാമരത്തിലൂടെ 80 ലും ഓർമ്മയ്ക്കായി എന്ന ചിത്രത്തിലൂടെ 82 ലും ഇതേ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി. 81 ൽ ചാട്ടയ്ക്ക് മികച്ച കലാസംവിധാനത്തിനും 82 ൽ മർമ്മരത്തിനു മികച്ച ചിത്രത്തിനും 84 ൽ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നെ ചിത്രത്തിനു കലാ സംവിധാനത്തിനും അവാർഡ് നേടി. ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം 87 ലും വെങ്കലം 92 ലും ഏറ്റവും ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കി. കമലഹാസൻ നിർമ്മിച്ച് ശിവാജിയും കമലും അഭിനയിച്ച തേവർമകൻ 1992 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള നാഷണൽ അവാർഡ് കരസ്ഥമാക്കി.
ഭരതന്‍റെ ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച അഭിനേതാക്കൾ വളരെയുണ്ട്. 78 ൽ ഇറങ്ങിയ രതിനിർവ്വേദത്തിലൂടെ കൃഷ്ണചന്ദ്രനും ലോറിയിലൂടെ നിത്യയും, ചിലമ്പിലൂടെ ബാബു ആന്‍റണിയും വൈശാലിയിലൂടെ സുപർണ്ണയും സഞ്ജയ് മിത്രയും, പാഥേയത്തിലൂടെ ചിപ്പിയും വെള്ളിത്തിരയിലേക്കെത്തി.പച്ചയായ ജീവിതങ്ങളുടെ സൗന്ദര്യവും നോവും നേരും നെറികേടും ഭരതൻ ചിത്രങ്ങളുടെ മുഖമുദ്രകളായിരുന്നു. 1998 ജൂലൈ 30 ന് ഭരതൻ അന്തരിച്ചു. മലയാളത്തിലെ അതുല്യ നടിമാരിൽ ഒരാളായ അന്തരിച്ച കെ.പി. എ.സി ലളിതയാണ് ഭാര്യ. സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതൻ, ശ്രീക്കുട്ടി എന്നിവരാണ് മക്കൾ.