പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവനന്തപുരം അഴൂർ പഞ്ചായത്തിൽ ഇന്നു മുതൽ പക്ഷികളെ കൊന്നു തുടങ്ങും. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികൾ, കോഴി, താറാവ് ഉൾപ്പെടെയുള്ള മുഴുവൻ പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം. പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ ജില്ലകൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ചിറയിൻകീഴ് അഴൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ നേതൃത്വത്തിലുള്ള ടീമാണ് പക്ഷികളെ കൊന്നൊടുക്കുക. ഉടമസ്ഥരായ കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ പഞ്ചായത്തിൽ ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. ആദ്യ ഘട്ടത്തിൽ 2000 താറാവിനെയും കോഴിയെയുമാണ് കൊല്ലുന്നത്. പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായ അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജംഗ്ഷൻ വാർഡിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളായ റെയിൽവേ സ്റ്റേഷൻ വാർഡ് പൂർണമായും, പഞ്ചായത്ത് ഓഫീസ് വാർഡ്, കൃഷ്ണപുരം വാർഡ്, അക്കരവിള വാർഡ്, നാലുമുക്ക്, കൊട്ടാരം തുരുത്ത് എന്നീ വാർഡുകൾ ഭാഗികമായി ഉൾപ്പെട്ട പ്രദേശങ്ങളിലെ മുഴുവൻ കോഴി, താറാവ്, മറ്റു അരുമ പക്ഷികൾ എന്നിവയെ കൊന്ന് മുട്ട, ഇറച്ചി, കാഷ്ഠം (വളം ) തീറ്റ എന്നിവയും കത്തിച്ച് നശിപ്പിക്കും.