ചേലക്കര നിയോജക മണ്ഡലം ജൽ ജീവൻ മിഷൻ അവലോകന യോഗം മന്ത്രി കെ രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേലക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടന്നു. ആഗസ്റ്റ് 25 നകം വാർഡ് തലത്തിൽ ഓരോ വീടുകളിലെയും നിലവിലെ വെള്ളത്തിൻ്റെ സോഴ്സ് സംബന്ധിച്ച റിപ്പോർട്ട് പഞ്ചായത്തും വാട്ടർ അതോറിറ്റിയും ചേർന്ന് തയ്യാറാക്കുന്നതിനും, പദ്ധതിക്കാവശ്യമായ വാട്ടർ ടാങ്ക്, ഫിൾട്ടറിംങ്ങ് പ്ലാൻ്റ് എന്നിവ സ്ഥാപിക്കുന്നതിനുളള സ്ഥലം കണ്ടെത്താനും പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകി.നവംബർ ഒന്നിന് പദ്ധതി ആരംഭിക്കത്തക്കവിധത്തിൽ പ്രവർത്തനങ്ങൾ നടത്താൻ വാട്ടർ അതോറിറ്റിയും പഞ്ചായത്തും യോജിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തിൽ അടിയന്തിര യോഗം ചേർന്ന് വാർഡ് തലത്തിലുള്ള ഡാറ്റകൾ തയ്യാറാക്കി നൽകാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി.യോഗത്തിൽ പഴയന്നൂർ ബ്ലോക്ക് പ്രസിഡണ്ട് കെ എം അഷറഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാരായ ഷെയ്ക്ക് അബ്ദുൾ ഖാദർ, കെ പത്മജ, പി കെ മുരളീധരൻ, എം കെ പത്മജ, പി പി സുനിത, കെ ജയരാജ്, ഗിരിജ മേലേടത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി സാബിറ, കെ ആർ മായ ടീച്ചർ, നാട്ടിക പ്രോജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി ജയപ്രകാശ്, നാട്ടിക പ്രൊജക്റ്റ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബെന്നി ബി എ എന്നിവർ പങ്കെടുത്തു.