തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ അതിവേഗ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഗുജറാത്തിലെ ഗാന്ധിനഗർ സ്റ്റേഷനിൽ നിന്ന് നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഗാന്ധിനഗർ മുതൽ മുംബൈ സെൻട്രൽ വരെയാണ് പുതിയ സർവീസ്. സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ സഹമന്ത്രി ദർശന ജർദോഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
മുമ്പത്തെ വന്ദേ ഭാരത് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും മൂന്നാമത്തെ ട്രെയിൻ. നവീകരിച്ച മൂന്നാമത്തെ സർവീസിൽ യാത്രക്കാരുടെ സൗകര്യങ്ങൾ കണക്കിലെടുത്ത് നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ ട്രെയിനിൽ കൊവിഡുമായി ബന്ധപ്പെട്ട് പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വന്ദേ ഭാരത് എക്‌സ്പ്രസിന് ആകെ 1,128 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.
ഗുജറാത്തിൽ ഓടുന്ന ഈ വന്ദേ ഭാരത് ട്രെയിനിലാണ് കവാച്ച് (ട്രെയിൻ കൊളിഷൻ അവയ്‌ഡൻസ് സിസ്റ്റം) എന്ന സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിക്കുന്നത്. ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് പോലുള്ള അപകടങ്ങൾ തടയാനാകും. ഈ സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. റെയിൽ ശൃംഖല 2,000 കിലോമീറ്റർ വരെ ‘കവാചിന്’ കീഴിൽ കൊണ്ടുവരാനുള്ള പദ്ധതി 2022 ലെ ബജറ്റിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.
സ്വദേശി സെമി-ഹൈ സ്പീഡ് എന്നറിയപ്പെടുന്ന ഈ ട്രെയിൻ വെറും 52 സെക്കൻഡുകൾക്കുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കുന്നു.