ശബരിമലയില്‍ കനത്തമഴയുടെ പശ്ചാത്തലത്തില്‍ തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് സ്നാനം ചെയ്യുന്നത് നിരോധിച്ചത്. ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പമ്പയില്‍ തീര്‍ത്ഥാടകര്‍ സ്നാനം ചെയ്യുന്നത് തടയുന്നതിന് ബാരിക്കേഡുകള്‍ ക്രമീകരിക്കണമെന്നും നദിയിലേക്ക് തീര്‍ത്ഥാടകര്‍ ഇറങ്ങുന്നില്ലായെന്നുള്ളത് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകീട്ട് 5 മണിക്ക് തുറക്കും.
ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടി പൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ നടക്കും. ഭക്തര്‍ ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലയ്ക്കലില്‍ ഭക്തര്‍ക്കായി സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഭക്തര്‍ക്കായി ഉത്രാടം മുതല്‍ ചതയം വരെ ഓണ സദ്യയും ഒരുക്കും. സെപ്റ്റംബര്‍ 10 ശനിയാഴ്ച രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.