ജൂലായ് 28 വ്യാഴാഴ്ച കർക്കിടക വാവ് ബലി. കർക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കർക്കിടക വാവ് എന്ന പേരിൽ ഹിന്ദു മത വിശ്വാസികൾ ആചരിക്കുന്നത്. ഈ ദിവസം പിതൃബലി തർപ്പണത്തിന് പ്രസിദ്ധമാണ്. അന്ന് ബലിയിട്ടാൽ പിതൃക്കൾക്ക് മോക്ഷപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കിടകത്തിലേത്. അതു കൊണ്ടാണ് കർക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്. തലേന്ന് വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ച് ഈറനണിഞ്ഞ് , മരിച്ച് മൺമറഞ്ഞു പോയ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ച് ഭക്തി ആദരപൂർവ്വം ബലിയിടും. എള്ളും,പൂവും ഉണക്കല്ലരിയും ഉൾപ്പടേയുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടാണ് ബലിതർപ്പണം നടത്തുക. പ്രശസ്തമായ സ്നാന ഘട്ടങ്ങളിലും, ക്ഷേത്രക്കടവുകളിലും പിതൃതർപ്പണത്തിനുള്ള സൗകര്യം ഏർപ്പെടുത്താറുണ്ട്. വടക്കാഞ്ചേരി മേഖലയിലും ബലിതർപ്പണത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള കുമ്പളങ്ങാട് പള്ളിമണ്ണ ശിവക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ബലിതർപ്പണത്തിന് തിരുനെല്ലിക്ക് സമമെന്നാണ് പള്ളിമണ്ണ ശിവക്ഷേത്രം അറിയപ്പെടുന്നത്. ചൂണ്ടൽ കാഞ്ഞിരക്കാട്ട് ഇല്ലത്ത് പരമേശ്വരൻ ഇളയതിൻ്റെ കാർമ്മിത്വത്തിലാണ് ബലിതർപ്പണം നടക്കുക. തിലഹോമത്തിന് ക്ഷേത്രം മേൽശാന്തി: വിബിൻ മുഖ്യ കാർമ്മികത്വം വഹിക്കും. പുലർച്ചെ 4 മണി മുതൽ ബലിതർപ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പാർളിക്കാട് നടരാജഗിരി ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിലും കർക്കിടക വാവുബലിയോടനുബന്ധിച്ച് ബലി
തർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്ഷേത്രം ശാന്തി: വി.എസ്സ്. വിനുവിൻ്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക. പുലർച്ചെ 3 മണി മുതൽ ബലിതർപ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ചെറുതുരുത്തി പാങ്ങാവ് ശിവക്ഷേത്രം, കാഞ്ഞിരശ്ശേരി അയ്യൻകുളങ്ങര മഹാകാളി ക്ഷേത്രം, തിരുമിറ്റം കോട് അഞ്ചുമൂർത്തി ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.