ദേശീയപാതയില്‍ ലൈന്‍ ട്രാഫിക് നിബന്ധനകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍, പാത കടന്നുപോകുന്ന ഭാഗങ്ങളില്‍ ശക്തമായ നടപടികള്‍ ആരംഭിച്ചതായി സിറ്റി പൊലീസ് കമീഷണര്‍ അങ്കിത് അശോകന്‍ പറഞ്ഞു. ദേശീയപാത നാലുവരിയായി കടന്നുപോകുന്ന സ്ഥലങ്ങളില്‍ വേഗം കുറഞ്ഞ രീതിയില്‍ സഞ്ചരിക്കുന്ന വലിയ ചരക്കുവാഹനങ്ങള്‍, ട്രെയിലറുകള്‍ തുടങ്ങിയവ റോഡിന്റെ ഇടതുവശത്തെ ട്രാക്കിലൂടെ സഞ്ചരിക്കണം. വേഗത്തില്‍ സഞ്ചരിക്കേണ്ട വാഹനങ്ങള്‍ ദേശീയ പാതയുടെ വലതുവശത്തെ ട്രാക്കിലൂടെ കടന്നുപോകണം.കൂടാതെ, കുറഞ്ഞ വേഗത്തില്‍ സഞ്ചരിക്കുന്ന മുഴുവന്‍ വാഹനങ്ങളും ഇടതുവശത്തെ ട്രാക്കിലൂടെ സഞ്ചരിക്കണം. മറികടക്കേണ്ടി വരികയാണെങ്കില്‍, സുരക്ഷിതമായ അകലം പാലിച്ച്, മുന്നില്‍ പോകുന്ന വാഹനത്തിന്റെ വലതു വശത്തുകൂടി മാത്രം പോവുക.ദേശീയപാതകളില്‍ ലൈന്‍ ട്രാഫിക് കര്‍ശനമായി പാലിക്കുന്നതിന് പൊലീസ് ചെക്പോസ്റ്റുകളിലും ടോള്‍ബൂത്തുകളിലും വാഹന ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം തുടങ്ങി. പൊലീസ് നടത്തുന്ന പരിശോധനയില്‍ ലൈന്‍ ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ കണ്ടെത്തിയാല്‍ അവ തടഞ്ഞു നിര്‍ത്തുകയില്ല. എന്നാല്‍ വീഡിയോ ക്യാമറ, ഡാഷ് ക്യാമറ, ശരീരത്തില്‍ ധരിക്കുന്ന ക്യാമറ എന്നിവ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ കണ്ടെത്തി, വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും.ട്രാഫിക് നിയമലംഘനം സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും പൊതുജനങ്ങള്‍ക്ക് കേരള പൊലീസിന്റെ ‘ശുഭയാത്ര’ ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ 9747001099 ലേക്ക് വാട്സാപ് വഴി അയക്കാം. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.