ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കുമായി തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ച് നൈപുണ്യ പരിശീലനത്തിന് തുടക്കമിട്ടിരിക്കുകയാണ് പഞ്ചായത്ത്. സമൂഹത്തിന്റെ മുന്‍നിരയിലേയ്ക്ക് ഭിന്നശേഷിക്കാരെ ഉയര്‍ത്തുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതാത് മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് പരിശീലനം. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലും കള്ളായി എസ് സി മില്‍ കെട്ടിടത്തിലുമാണ് പരിശീലനം. മാടക്കത്തറ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 90നടുത്ത് ഭിന്നശേഷി കുട്ടികളുണ്ട്.
ഇവരുടെ അധ്യയന വര്‍ഷം നഷ്ടമാകാതിരിക്കാന്‍ ശനിയാഴ്ചകളിലാണ് പരിശീലന ക്ലാസ്.
പരിശീലന പരിപാടിക്കും മറ്റുമായി സാധന സാമഗ്രികള്‍, ടൂള്‍കിറ്റ് എന്നിവ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥിരം തൊഴില്‍ പരിശീലന കെട്ടിടം കട്ടില്ലപൂവ്വം, പേര പ്രദേശത്ത് പഞ്ചായത്തിന്റെ അഞ്ച് സെന്റ് ഭൂമിയില്‍ 11 ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിക്കാനാണ് തീരുമാനം. തൊഴില്‍ പരിശീലനത്തിനൊപ്പം ശാരീരിക വൈകല്യങ്ങള്‍ നേരിടുന്നവര്‍ക്ക് ഫിസിക്കല്‍ തെറാപ്പി സൗകര്യവും കേന്ദ്രത്തില്‍ ഒരുക്കും. 2023 ഓടെ സ്ഥിരം കേന്ദ്രം യാഥാര്‍ത്ഥ്യമാക്കാനാണ് പഞ്ചായത്ത്.
ഒരു കൈതൊഴില് നല്‍കുക എന്നതിലുപരി ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തരാക്കുക എന്നതാണ് പദ്ധതികൊണ്ട് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റിംങ് സംവിധാനം ഒരുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചെന്നിക്കര പറഞ്ഞു.