മലപ്പുറം നിലമ്പൂര്‍ വഴിക്കടവില്‍ 130 കിലോ കഞ്ചാവുമായി അഞ്ചംഗസംഘം പിടിയില്‍. കൊണ്ടോട്ടി സ്വദേശികളായ നവാസ് ഷെരീഫ്, മുഹമ്മദ് ഷഫീഖ്, അബ്ദുള്‍ സഹദ്, ബാലുശ്ശേരി സ്വദേശി അമല്‍, പത്തനംതിട്ട സ്വദേശി ഷഹദ് എന്നിവരാണ് പിടിയിലായത്. കാറില്‍ കഞ്ചാവ് കടത്തിയ സംഘത്തെ വഴിക്കടവ് എക്സൈസ് ചെക്പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് പിടികൂടിയത്. സുഹൃത്തുക്കളായ പ്രതികള്‍ ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാടകയ്ക്ക് എടുത്ത കാറിലാണ് ഇവര്‍ ആന്ധ്രയിലേക്ക് പോയത്. തുടര്‍ന്ന് വന്‍തോതില്‍ കഞ്ചാവ് ശേഖരിച്ച് മഞ്ചേരിയിലേക്ക് കൊണ്ടുവരികയായിരുന്നു. മഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും വില്‍പ്പന നടത്താനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്നും പിടികൂടിയ കഞ്ചാവിന് അരക്കോടിയിലധികം രൂപ വിലവരുമെന്നും എക്സൈസ് അറിയിച്ചു.
അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍ ടി. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണ കുമാര്‍, എക്സൈസ്
ഇന്‍സ്‌പെക്ടര്‍മാരായ ടി.ആര്‍.മുകേഷ് കുമാര്‍, എസ്. മധുസൂധനന്‍ നായര്‍, കെ.വി റിമേഷ് , പ്രിവന്‍റീവ് ഓഫീസര്‍ മുരുകന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് അലി, പി.സുബിന്‍, വിശാഖ്, രജിത്, സജിപോള്‍, അരുണ്‍ കുമാര്‍, ബസന്ത് കുമാര്‍, ഷംസുദ്ദീന്‍, നിതിന്‍, ഡ്രൈവര്‍ കെ.രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.