മംഗളൂരുവിലെ മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തുന്ന ലഹരിവേട്ടയിൽ മലയാളികൾ ഉൾപ്പെടെ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും അറസ്റ്റിലായി.ഡോക്ടർമാർ ഉൾപ്പെടെ ഒൻപതുപേരാണ് അറസ്റ്റിലായത്. മംഗളൂരുവിലെത്തിയ ഡോക്ടർമാരും ഇവിടെയുള്ള മെഡിക്കൽ കോളേജുകളിലെ വിദ്യാർഥികളുമാണ് പിടിയിലായത്.മൂന്നാംവർഷ മെഡിക്കൽ വിദ്യാർഥിയും മലയാളിയുമായ സൂര്യജിത്ത് ദേവ് (20), മെഡിക്കൽ ഇന്റേൺഷിപ്പ് വിദ്യാർഥിയും മലയാളിയുമായ ആയിഷ മുഹമ്മദ് (23), ഉത്തർപ്രദേശ് സ്വദേശി ഡോ. വിദൂഷ് കുമാർ (27), ഡൽഹി സ്വദേശിയായ മെഡിക്കൽ വിദ്യാർഥി ശരണ്യ (23), കർണാടക സ്വദേശി ഡോ. സിദ്ധാർഥ് പവസ്കർ (29), തെലങ്കാനയിലെ മെഡിക്കൽ വിദ്യാർഥി പ്രണയ് നടരാജ് (24), കർണാടക സ്വദേശി ഡോ. സുധീന്ദ്ര (34), തെലങ്കാനയിലെ മെഡിക്കൽ വിദ്യാർഥി ചൈതന്യ ആർ. തുമുലൂരി (23), ഉത്തർപ്രദേശ് സ്വദേശി ഡോ. ഇഷാ മിഡ്ഢ (27) എന്നിവരെയാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.ഇതോടെ മംഗളൂരുവിലെ മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ചു പോലീസ് നടത്തുന്ന പരിശോധനയിൽ ഇതുവരെ 24 പേർ അറസ്റ്റിലായി. ഈ മാസം എട്ടിനാണ് ആദ്യത്തെ അറസ്റ്റ് നടന്നത്. മെഡിക്കൽ കോളേജുകളിൽ കഞ്ചാവ് എത്തിച്ചുനൽകിയ ആളെ അറസ്റ്റ് ചെയ്തതോടെയാണ് പരിശോധന പോലീസ് വ്യാപിപ്പിച്ചത്.