കെ.കെ രമയ്‌ക്കെതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശം പിന്‍വലിച്ച് എം. എം. മണി. ‘മണി പറഞ്ഞത് തെറ്റായ ആശയമാണെന്നും മണിയുടെ പരാമര്‍ശം അനുചിതവും അസ്വീകാര്യവുമാണെന്ന്’ സ്പീക്കര്‍ എം.ബി രാജേഷ് സഭയില്‍ നല്‍കിയ റൂളിംഗിൽ പറയുന്നു. എം.എം മണിയുടെ പരാമര്‍ശത്തില്‍ തെറ്റായ ഭാഗങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ട്. അതൊട്ടും പുരോഗമനപരമായ നിലപാടല്ല. ഒരു വാക്കിന് തന്നെ പല സാഹചര്യത്തില്‍ പല അര്‍ഥങ്ങളാവും. എല്ലാ ആളുകള്‍ക്കും അത് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു. സ്പീക്കറുടെ റൂളിംഗിന് പിന്നാലെയാണ് മണി പരാമര്‍ശം പിന്‍വലിച്ചത്. സ്പീക്കർ പറഞ്ഞ ഉദ്ധേശത്തെ താന്‍ മാനിക്കുന്നെന്നും ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എം.എം മണി വ്യക്തമാക്കി. ‘താന്‍ മറ്റൊരു ഉദ്ധേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാല്‍, തന്‍റെ പരാമര്‍ശം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കമ്യൂണിസ്റ്റുകാരനായ താന്‍ ‘വിധി’ എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് വിവാദ പരാമര്‍ശം പിന്‍വലിക്കുന്നെന്ന്’, എം എം മണി നിയമസഭയില്‍ പറഞ്ഞു.
ജൂലൈ 14 നാണ് നിയമസഭയില്‍ എം .എം മണി കെ. കെ രമയ്‌ക്കെതിരായ വിവാദ പരാമര്‍ശം നടത്തിയത്. ‘ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു, മുഖ്യമന്ത്രിക്ക് എതിരെ, എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെ, ഞാന്‍ പറയാം ആ മഹതി വിധവയായി പോയി, അത് അവരുടേതായ വിധി, അതിന് ഞങ്ങളാരും ഉത്തരവാദികളല്ല’, എന്നായിരുന്നു എം. എം മണിയുടെ പരാമര്‍ശം. ഇതിനുപിന്നാലെ വന്‍ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.
അതേസമയം, തനിക്കെതിരെ നടത്തിയ പരാമര്‍ശം എം .എം മണി പിന്‍വലിച്ചതില്‍ സന്തോഷമുണ്ടെന്ന് കെ കെ രമ പ്രതികരിച്ചു. സ്പീക്കറുടെ റൂളിംങ് മാതൃകാപരമാണെന്നും കെ കെ രമ പറഞ്ഞു.