സ്വാതന്ത്ര്യത്തിന്‍റെ അമൃതമഹോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും വിവിധ വകുപ്പുകളുടേയും നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷക്കാലം രാജ്യത്ത് വിവിധ പരിപാടികൾ നടന്നിരുന്നു. ഈ ആഘോഷപരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 10 ന് ഗവ. ഗേൾസ് ഹൈസ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ദേശഭക്തി മുദ്രാവാക്യങ്ങളുടെ ബാനറാണ് ‘ബെസ്റ്റ് ഓഫ് ഇന്ത്യ’യുടെ റെക്കോർഡ് ബുക്കിൽ ഇടം നേടിയിരിക്കുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ നേതാക്കൾ ഉയർത്തിയ പ്രശസ്തമായ മുദ്രാവാക്യങ്ങൾ മലയാളം, തമിഴ്, ഹിന്ദി, സംസ്കൃതം, അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ജാപ്പനീസ്, കൊറിയൻ, തായ്, ചൈനീസ് തുടങ്ങി 12 വ്യത്യസ്ത ഭാഷകളിൽ നാല് നിറങ്ങളിലുള്ള പേനകൾ ഉപയോഗിച്ച് തുണിയിൽ എഴുതിയാണ് വിദ്യാർത്ഥികൾ ഈ ബാനർ തയ്യാറാക്കിയത്. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ഈ പ്രവർത്തനത്തിന് അധ്യാപകനും സാമൂഹ്യശാസ്ത്ര കൗൺസിൽ ജില്ലാ സെക്രട്ടറിയുമായ കെ. പി. സജയൻ, ക്ലബ് ലീഡർ എ. എ. ഹസ്ന എന്നിവരാണ് നേതൃത്വം നൽകിയത്. ആഗസ്ത് 10 ന് സ്കൂളിൽ ഉണ്ടായിരുന്ന 728 വിദ്യാർത്ഥികൾ ചേർന്ന് 90 മിനിറ്റ് സമയം കൊണ്ടാണ് 88 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ബാനർ തയ്യാറാക്കിയത്. ഓണം അവധിക്ക് ശേഷം ജില്ലാ ആസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വിശിഷാതിഥികളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ റെക്കോർഡ് സാക്ഷ്യപത്രവും, ബാഡ്ജും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങും.