സംസ്ഥാനത്ത് ഡീസൽ പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചു. സംസ്ഥാനത്ത് ഇന്ന് നിരവധി സർവീസുകൾ റദ്ദാക്കി. നിലവിൽ ഓർഡിനറി സർവീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. സംസ്ഥാന വ്യാപകമായി പകുതിയിലധികം സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. നാളെ 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രമേ സർവീസ് നടത്തൂ എന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ഞായറാഴ്ച ഓർഡിനറി ബസ്സുകൾ പൂർണമായും നിർത്തി വയ്ക്കും.
നിലവിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിന്‍റെ ഭാഗമായും ഡീസലിന്‍റെ ലഭ്യത കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും മോശം കാലാവസ്ഥയിലുമാണ് വരുമാനമില്ലാതെ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ വെള്ളിയാഴ്ചയും ശനിയാഴ്ച്ചയും ഉച്ചക്ക് ശേഷം കഴിവതും കൃത്യമായി ഓപ്പറേറ്റ് ചെയ്യുകയും ഞായറാഴ്ച്ച ഉച്ചക്ക് ശേഷം എല്ലാ ദീര്‍ഘദൂര സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യുകയും തിങ്കളാഴ്ച്ച തിരക്ക് ഉണ്ടാകുമ്പോള്‍ ഏതാണ്ട് പൂര്‍ണമായും ഓപ്പറേറ്റ് ചെയ്യുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു.