വടക്കാഞ്ചേരി: പൂമല ഡാമിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പെഡൽ ബോട്ടിംഗ് സംവിധാനം ആരംഭിച്ചു. മുളങ്കുന്നത്തുകാവ് പഞ്ചായത്തും , വിനോദ സഞ്ചാര വകുപ്പും സംയുക്തമായിട്ടാണ് സഞ്ചാരികളെ മാടി വിളിക്കുന്ന ആശയവുമായി രംഗത്തെത്തിയത്. പുള്ളിലെ ചങ്ക് ബോട്ടിംഗ് ഉടമ ഷാജിയാണ് പാട്ടത്തിനെടുത്ത് നടത്തുന്നത്. ഇപ്പോൾ 4 പെഡൽ ബോട്ടുകളാണ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തന സജ്ജമായിട്ടുള്ളത്. വിനോദ സഞ്ചാരത്തിന് ഉതകുന്ന അന്തരീക്ഷമാണെങ്കിലും, പൂമല ഡാമിൽ വിനോദ സഞ്ചാര വകുപ്പിൻ്റേയും, ഇറിഗേഷൻ വകുപ്പിൻ്റേയും അസ്വാരസ്യങ്ങൾ നിഴലിക്കുമ്പോൾ, ഡാമിൻ്റെ വികസന പ്രക്രിയകളിലും , വിനോദ സഞ്ചാരത്തിനും പ്രതീക്ഷകൾ അസ്ഥാനത്താകുന്നു. കൂടാതെ വിനോദ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യത്തിൻ്റെ ദൗർലഭ്യവും ഇവിടെ പ്രതിഫലിക്കുമ്പോൾ, സഞ്ചാരികളുടെ ഒഴുക്കിനെ ബാധിക്കുന്നു. ഡാമിലെ അവശിഷ്ടങ്ങളും, ചെളി നിറഞ്ഞ ഭാഗങ്ങളും കോരിയെടുത്ത് സുരക്ഷിതമായി നിക്ഷേപിക്കാത്തതിനാൽ , കനത്ത മഴ പെയ്യുമ്പോൾ, നിക്ഷേപിച്ച അസംസ്കൃത വസ്തുക്കൾ വീണ്ടും ഡാമിലേക്ക് പതിക്കുകയാണ്. സാഹചര്യങ്ങൾ മുന്നിലുള്ളപ്പോൾ, വികസനത്തിന് ഇടംക്കോലിടുന്ന പ്രവണതകളെ കുറിച്ച് വ്യാപക പരാതിയും നിഴലിക്കുന്നു. ഒട്ടേറെ ഡാമിനെ കുറിച്ചുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും, ഉടൻ അതെല്ലാം പരിഹരിച്ച് നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി പൂമല ഡാമിനെ മാറ്റുമെന്ന് ടൂറിസം ജനറൽ മാനേജർ രവിചന്ദ്രൻ പറഞ്ഞു. 4 പേർക്ക് ഇരിക്കാവുന്ന പെഡൽ ബോട്ടിംഗിന് അര മണിക്കൂറിന് 200 രൂപയാണ് വസൂലാക്കുന്നത്. 5 വയസിന് മുകളിലുള്ളവർക്കാണ് പ്രവേശനം. ചടങ്ങ് വിദേശികളാണ് ഉദ്ഘാടനം ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്തംഗം ജെസി ഷാജൻ അധ്യക്ഷത വഹിച്ചു. വാർഡംഗം സിബി ജോർജ് , ഷാജി സംസാരിച്ചു.