ലക്ഷക്കണക്കിന് ഭക്തര്‍ ദിവസേനയെത്തുന്ന പ്രശസ്‌ത തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്‌തി വിവരം പുറത്തുവിട്ടു.
പണം, സ്വര്‍ണം അടക്കമുള്ള ആസ്‌തിയുടെ വിവരങ്ങള്‍ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി ടി ഡി) കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 2019 മുതലുള്ള നിക്ഷേപ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലെ ട്രസ്റ്റ് ബോര്‍ഡ് ശക്തിപ്പെടുത്തിയതായും ടിടിഡി അറിയിച്ചു.
5300 കോടി രൂപ മൂല്യമുള്ള 10.3 ടണ്‍ സ്വര്‍ണം ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. 15,938 കോടി രൂപ ക്യാഷ് ഡെപ്പോസിറ്റ് ഉണ്ടെന്നും ട്രസ്റ്റി അറിയിച്ചു. ടി ടി ഡിയുടെ മൊത്തം ആസ്‌തി 2.26 ലക്ഷം കോടി രൂപയാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019ല്‍ പല ബാങ്കുകളിലായുള്ള ടി ടി ഡിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് 13,025 കോടി രൂപയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ക്ഷേത്രത്തിന്റെ നിക്ഷേപം 2,900 കോടി രൂപയാണ് വര്‍ദ്ധിച്ചത്.
2019ല്‍ 7339.74 ടണ്‍ സ്വര്‍ണനിക്ഷേപമാണ് തിരുപ്പതി ക്ഷേത്രത്തിന് ഉണ്ടായിരുന്നത്. മൂന്ന് വര്‍ഷത്തിനിടെ 2.9 ടണ്‍ വര്‍ദ്ധനവുണ്ടായി. ഇന്ത്യയിലുടനീളമുള്ള 7,123 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന 960 സ്വത്തുക്കളും ക്ഷേത്ര ആസ്തികളില്‍ ഉള്‍പ്പെടുന്നുവെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്തര്‍ നല്‍കുന്ന കാണിയ്ക്ക, ബിസിനസ് സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും നല്‍കുന്ന സംഭാവന എന്നിവയില്‍ നിന്നാണ് ക്ഷേത്രത്തിന് വരുമാനം ലഭിക്കുന്നത്.